Friday, December 30, 2016

കുളിപ്പിച്ച് കുളിപ്പിച്ച് പിള്ളയെ ഇല്ലാതാക്കുമോ ??

"National Anthem is not a digital Song.
National Flag is not a Video..
Cinema is primarily an entertainment.
Cinema hall is a  place to sell entertainment.
Playing the anthem in theater is like selling it for free.
Please don't degrade our National Anthem."


"തകരുകയാണ് തമ്പുരാനെ നിന്റെ ഭരണകൂടം തറഞ്ഞെന്റെ ജീവ്തം "


2016 നവംബർ 30 വിപ്ലവകരമായ പല മാറ്റങ്ങൾക്കും ആക്കം കൂട്ടിയ ദിനമായിരുന്നു. ജസ്റ്റിസ് അമിതാവ റോയി സുപ്രീംകോടതിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നു "സിനിമ തീയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനം വേണമെന്നായിരുന്നു കോടതി നിർദ്ദേശം.
എല്ലാ രാജ്യത്തെയും പോലെ ഇന്ത്യ എന്ന രാജ്യവും അതിലെ പൗരന്മാരും ദേശീയഗാനത്തെ വലിയൊരു വികാരമായി കാണുന്നു എന്നത് തർക്കമില്ലാത്ത വസ്തുത തന്നെ തന്റെ രാജ്യത്തോടുള്ള സ്നേഹവും ആധാരവും പ്രകടിപ്പിക്കാനുള്ള ഒരു സാധാരണ പൗരന്റെ ആഗ്രഹം ദേശീയഗാനാലാപനത്തിൽ പ്രകടമാവാറുണ്ട്.
എന്നാൽ ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്ത് ദേശീയഗാനവും ദേശസ്നേഹവും നിർബന്ധപൂർവം അടിച്ചേൽപ്പിച്ചാൽ മാത്രമേ രക്തത്തിൽ അലിഞ്ഞു ചേരൂ എന്ന് വരുത്തിതീർക്കുവാൻ ആരൊക്കെയോ ഗൂഢ ശ്രമം നടത്തുന്നു എന്ന് പറയാതെ വയ്യ.
സുപ്രീംകോടതിയുടെ വിധി ഏതൊരു സാധാരണകാരനെയും പോലെ തികഞ്ഞ ലാഘവത്തോടു കൂടിയാണ് ഞാനും കണ്ടത്. എന്നാൽ അതിന്റെ ആയുസ്സ് തിരുവനന്തപുരത്തു സമാപിച്ച രാജ്യാന്തര ചലച്ചിത്ര മേള വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ലോക സിനിമാ ഭൂപടത്തിൽ എന്നും തലയിടുപ്പോടെ ഉയർന്നുനിന്നിട്ടുള്ള മേള പക്ഷെ ഇപ്രാവശ്യം തികച്ചും അനാവശ്യമായ വിവാദത്തിന്റെ പേരിലാണ് ലോകമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.. വിവാദം വരുത്തി വെച്ചത് ദേശീയഗാനവും!!
‌ഒരുവശത്തു ദേശീയഗാനത്തെ പരിപോഷിപ്പിച്ചു പരിപോഷിച്ചു ഇല്ലാതാകാൻ വെമ്പൽ കൊള്ളുന്ന "സൊ കോൾഡ്" ദേശീയവാദികളും ദേശസ്നേഹികളും. മറുവശത്താണെങ്കിൽ പ്രതിഷേധ സ്വരവുമായി  ഒരു പിടി "രാജ്യദ്രോഹികളും "!!
‌ആരാണ് ഇവിടുത്തെ ദേശസ്നേഹത്തിന്റെ ഡീലർമാർ ??
‌ശ്രീ രവീന്ദ്രനാഥ് ടാഗോർ എഴുതിയ ജന ഗണ മന ആദ്യമായി ആലപ്പിക്കപ്പെട്ടത് 1911 ഡിസംബർ 27ന് കൊൽക്കട്ടയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളത്തിലായിരുന്നു. ഇന്ത്യൻ ഭരണഘടന 1950 ജനുവരി 24ന് ഇത് ദേശീയഗാനമായി അംഗീകരിച്ചു. 52 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ മനോഹരകാവ്യത്തിന്റെ പേരിലാണ് ഇന്ന് നമ്മുടെ കൊച്ചുകേരളത്തിൽ പ്രതിഷേധങ്ങളും അറസ്റ്റുകളും കൊണ്ട് സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നത്.
‌മുൻപ് പരാമർശിച്ചത് പോലെ സിനിമാപ്രദര്ശനത്തിനുമുമ്പ് ദേശീയഗാനാലാപനം എന്ന ആശയം ചർച്ചചെയ്യപ്പെട്ടിരുന്നവെങ്കിലും ആ വിവാദം കൊടുമ്പിരികൊണ്ടത് രാജ്യാന്തര ചലച്ചിത്ര മേളയുടെ അവസരത്തിലായിരുന്നു.. ഈ വിധിയുടെ മാറ പിടിച്ചു ഹിന്ദുത്വ സംഘടനകൾ അവർ നിർവചിച്ച ദേശീയത അടിച്ചേൽപ്പിക്കുന്ന സാംസ്കാരിക ഗുണ്ടാസംഘമായാണ് പെരുമാറുന്നത്.
‌ഒരിക്കലും ദേശീയവികാരമോ ദേശസ്നേഹമോ നിർബന്ധിച്ചു ഉണ്ടാക്കേണ്ട ഒന്നല്ല. അതിനെ ബലം പ്രയോഗിച്ചു അടിച്ചേൽപ്പിക്കുന്നവർ സേച്ഛധിപത്യ ന്യൂനപക്ഷത്തിന്റെ പ്രതിനിധികളാണ്. ദേശീയഗാനത്തെ ബ്രിട്ടീഷ് രാജാവിനുള്ള സ്വീകരണഗാനം മാത്രമായി പുച്ഛിച്ചു തള്ളിയ പ്രമുഖനേതാവിന്റെ അനുയായികളാണ് ഇന്ന് ദേശീയഗാനം കൊണ്ട് രാജ്യസ്നേഹം പഠിപ്പിക്കാൻ നടക്കുന്നത് എന്നാലോചിക്കുമ്പോ മനസിലാക്കാവുന്നതേയൊള്ളു അവരുടെ മാനസിക നിലവാരം.
‌ചലച്ചിത്രമേളക്കിടെ എഴുന്നേറ്റുനിൽകാത്തതിനെച്ചൊല്ലി ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമലിന്റെ വീടിനുമുന്നിൽ ഈ പറഞ്ഞ ദേശീയവാദികൾ "കുത്തിയിരുന്ന് " ദേശീയഗാനം പാടി പ്രതിഷേധിച്ചപ്പോൾ സാക്ഷരതകേരളം അവരുടെ മൂഢത  തിരിച്ചറിഞ്ഞു.
‌കമൽ എന്ന് കേരളം മുഴുവൻ ആദരവോടും സ്നേഹത്തോടും വിളിച്ചിരുന്ന ഒരു വലിയ കലാകാരനെ തങ്ങളുടെ സ്വാര്ഥതാല്പര്യങ്ങൾക്കു വേണ്ടി അവർ കമാലുദീൻ  ആക്കിയപ്പോൾ വർഗീയ വിഷം ചീറ്റുന്ന വികൃതമായ ജനവിഭാഗത്തെ നമ്മൾ തിരിച്ചറിയുകയായിരുന്നു.
‌ദേശീയഗാനത്തോട് ചില അതിദേശീയവാദികൾ ഉയർത്തുന്ന തരത്തിലുള്ള വലിയ ആദരം കൊടുക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് മനസിലാകുന്നില്ല. ദേശീയഗാനത്തെ പറ്റി പരാമർശിക്കുന്ന ആർട്ടിക്കിൾ 51ൽ പറയുന്നത് ഇപ്രകാരമാണ്
‌"ഭരണഘടനയെ അനുസരിക്കുക എന്നത് എല്ലാ ഇന്ത്യൻ പൗരന്മാരുടെയും കടമയാണ്. ദേശീയഗാനത്തിന്റെയും ദേശീയപതാകയുടെയും ആദർശത്തെ  എല്ലാവരും മാനിക്കുകയും വേണം. " നിയമപരമായ ബലാത്കാരത്തിലൂടെ പിടിച്ചെടുക്കേണ്ട ഒന്നല്ല സ്വന്തം രാജ്യത്തോടും പ്രതീകങ്ങളോടുമുള്ള ബഹുമാനം എന്ന് ഇതിൽനിന്നും വ്യക്തമാണല്ലോ. 1986ൽ യഹോവ സാക്ഷി വിഭാഗത്തിൽപെട്ട മൂന്നു കുട്ടികൾ മതവിശ്വാസത്തെ ഹനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ദേശീയഗാനം പാടാൻ വിസ്സമ്മതിച്ചതുകൊണ്ട് അവരെ സ്കൂളിൽ നിന്നു പുറത്താകുകയുണ്ടായി. ഹൈക്കോടതി ഈ തീരുമാനം ശരിവെച്ചെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിന്യായം ശ്രദ്ധേയമാണ്.
‌"നമ്മുടെ പാരമ്പര്യം പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്. നമ്മുടെ തത്വചിന്ത പ്രബോധനം ചെയ്യുന്നത് സഹിഷ്ണുതയാണ്. നമ്മുടെ ഭരണഘടന ആചരിക്കുന്നത് സഹിഷ്ണുതയാണ്. നമ്മുക്കതിൽ വെള്ളം ചേർക്കാതിരിക്കാം. "
‌അസഹിഷ്ണുതയുള്ളവർ പാകിസ്ഥാനിൽ പോവാൻ പറയുന്ന ഈ സമൂഹത്തിൽ സുപ്രീംകോടതിയുടെ വിധിന്യായത്തിനു പ്രധാനമന്ത്രിയുടെ മാസ്റ്റർ സ്ട്രോക്ക്  ഏറ്റുകിടക്കുന്ന ആയിരത്തിന്റെ ഒറ്റനോട്ടിന്റെ വിലയേ ഫാസിസ്റ്റു ശക്തികൾ നൽകൂ എന്നത് വ്യക്തമാണ്.

‌ദേശീയഗാനത്തെ ആയുധമാക്കി രാജ്യദ്രോഹ - രാജ്യസ്നേഹ വർഗീയ ധ്രുവീകരണം ഉണ്ടാക്കി ഇന്ത്യൻ സംസ്കാരത്തെയും കാലാകാലങ്ങളായി നാം സംരക്ഷിച്ചുപോരുന്ന മൂല്യങ്ങളെയും തകിടംമറിക്കുകയാണ്. സ്ഥാനത്തും അസ്ഥാനത്തും ദേശീയഗാനം ഉപയോഗിക്കുന്നത് തികച്ചും അപഹാസ്യവും അതിനെ ചുറ്റിപറ്റിനിൽക്കുന്ന സർവ്വ മൂല്യങ്ങളെയും കീഴ്മേൽ മറിക്കുന്നതുമാണ്. ദേശസ്നേഹം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റു ശക്തികൾക്കെതിരെ പ്രതിഷേധിക്കുക ഒരോ പൗരന്റെയും ധാർമിക കർത്തവ്യമാണെന്നിരിക്കെ, ഈ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി സുപ്രീംകോടതിയെ തന്നെ  സമീപിക്കുകയെ മാർഗമുള്ളു. ഈ തീരുമാനത്തിന്റെ ഔചിത്യക്കുറവ് ചൂണ്ടിക്കാണിക്കാനും പിഴവ് നിയമപരമായി തിരുത്തുവാനും പ്രബുദ്ധരായ ഒരോ പൗരനും കടമയുണ്ട്. ദേശീയഗാനം പാടാണോ, പാടുമ്പോൾ ആദരം പ്രകടിപ്പിക്കാനോ എന്നതിനെപ്പറ്റി ആരോഗ്യപരമായ ചർച്ചകൾ  തുടരട്ടെ.
‌"കുളിപ്പിച്ച് കുളിപ്പിച്ച് പിള്ളയെ ഇല്ലാതാക്കല്ലേ "എന്ന് മാത്രം!!


Thursday, December 15, 2016

അനന്തപുരിയിലെ വിപ്ലവം..

അങ്ങനെ നാലു ദിവസം നീണ്ടുനിന്ന ആ പ്രയാണം (ഭ്രാന്ത് ) അവസാനിക്കുകയാണ്.
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം മനസ്സിലുണ്ട്. IFFK എന്ന വലിയ സ്വപ്നസാക്ഷാത്‍കാരം മനസ്സിനെ എന്തൊക്കെയോ വികാരങ്ങളാൽ പുളകം കൊളിക്കുന്നുണ്ട്.
വിപ്ലവം.. സിനിമ.. സിനിമയിലൂടെ വിപ്ലവം..സംസ്കാരങ്ങൾ.. എതിർപ്പുകൾ.. ചർച്ചകൾ.. കണ്ടുമുട്ടലുകൾ.. അതെ.. വെറും 4 ദിവസം കൊണ്ട് അനുഭവങ്ങളുടെ കെട്ടുകൾ എനിക്ക് മുന്നിൽ അഴിച്ചുവച്ചിരിക്കുകയാണ് IFFK..
ഒരുപക്ഷെ നല്ല സിനിമ കാണണം എന്ന ഒരു ആഗ്രഹം.. അതിനപ്പുറം മറ്റൊന്നും ഉണ്ടായിരുന്നില്ല.. എന്റെ കണക്കുകൂട്ടലുകൾ വീണ്ടും വീണ്ടും തിരുത്തപ്പെടുകയാണ്.
സിനിമാക്കപ്പുറം അനുഭവങ്ങളുടെ വലിയൊരു CANVAS ആയിരുന്നു IFFK. ടാഗോർ തിയേറ്ററിൽ തുടങ്ങിയ അനുഭവങ്ങളുടെ വലിയ ലോകം കൈരളിയും ശ്രീയും നിശാഗന്ധിയും കടന്നു എന്റെ ജീവിത കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ളതാണെന്നു കരുതിയിരുന്നില്ല ഒരിക്കലും.
ജാതി.. മതം.. രാഷ്ട്രീയം എന്നിങ്ങനെ ഒരു മനുഷ്യനെ ബാധിക്കുന്ന എല്ലാത്തിനേം ഈ ദിവസങ്ങളിൽ ഞാൻ കണ്ടുമുട്ടി..
MANHOLE.. കാട് പൂക്കുന്ന നേരം.. ആറടി.. ഗോഡ്‌സെയ് എന്നിവയിലൂടെ എല്ലാം അടിച്ചമർത്തപ്പെട്ട പ്രതികരണശേഷി നഷ്ടപെട്ട സമൂഹങ്ങളെ ഞാൻ കണ്ടു..
ആത്മവിശ്വാസത്തിന്റെ ചെറിയ തീപ്പൊരി എത്ര വലിയ വിപ്ലവം സൃഷ്ടിക്കാം എന്ന് മനസ്സിലാക്കി..
മനുഷ്യനെ മനുഷ്യനായി കാണാതെ അതികാരവർഗത്തിന്റെയും UPPER CLASS ന്റെയും ചട്ടക്കൂടിൽ നിന്ന് കൊണ്ട് അവരെ മാവോയിസ്റ്റുകളായും നക്സലുകളായും നോക്കിക്കാണുന്ന അരാജക സമൂഹങ്ങളെ ഞാൻ കണ്ടു, അറിഞ്ഞു. അടിയേറ്റുവീഴാതെ കൂടുതൽ ഉയർന്നു പറക്കാൻ എനിക്ക് പോലും അവ പ്രചോദനമായെങ്കിൽ കാലാകാലങ്ങളായി മേലാളന്മാരുടെ അക്രമങ്ങൾ സഹിക്കുന്ന അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളു..
സിനിമയിലെ വിപ്ലവം ആസ്വാദകരിലേക്കു ഒഴുകിയെത്തുന്ന മഹാപ്രതിഭാസത്തിനു ഞാൻ സാക്ഷിയായി..
സിനിമയുടെ അണിയറപ്രവർത്തകർക്ക് ലഭിച്ച ഹർഷാരവങ്ങൾ ആത്മാർത്ഥമാണെങ്കിൽ ഇവിടെ ഇനിയും വിപ്ലവങ്ങളുണ്ടാവും.. തീർച്ച !!

ലോകസിനിമയിലേക്കുള്ള എന്റെ ജാലകമായിരുന്നു IFFK. ഇന്ത്യൻ സിനിമാക്കപ്പുറം ഹോളിവുഡ് മാത്രമാണെന്ന് വിശ്വസിച്ച എനിക്ക് തെറ്റി.
സിനിമ എന്ന കലാരൂപത്തിന്റെ അർത്ഥം  എന്നെ സംബന്ധിച്ചു മറ്റു പലതുമായിരുന്നു ഇവിടെ വരുന്നത് വരെ.  ശബ്ദഘോഷങ്ങളും വർണശബളമായ കാഴ്ചകളും ത്രസിപ്പിക്കുന്ന സംഗീതവുമാണ് സിനിമയുടെ ജീവൻ എന്ന വിശ്വാസം തെറ്റാണെന്നു ഞാൻ തിരിച്ചറിഞ്ഞു.
ഒരൊറ്റ ഫ്രെയിം.. നിശബ്ദതയുടെ വലിയ ശബ്ദം.. മനസ്സിൽ തുളച്ചുകയറുന്ന ഒരു  നോട്ടം.. സിനിമ അതാണ്..
Wang Xuebo ഉടെ Knife in Clear Water കണ്ടു കഴിഞ്ഞപ്പോൾ ആ ചിത്രത്തിലെ ഒരോ ഫ്രെയിമും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. സിനിമ എന്താണെന്ന് ഞാൻ അറിഞ്ഞത് അവിടെ വച്ചായിരുന്നു..
Clash എന്ന ഈജിപ്ഷ്യൻ ചിത്രവും.. Sand Storm എന്ന ഇസ്രായേലി ചിത്രവും സംസ്കാരങ്ങളും അനുഭവങ്ങളും നിറഞ്ഞ പുതിയ ഒരു ലോകത്തിലേക്കു എന്നെ കൂട്ടികൊണ്ടുപോയി..

വെറും 4 ദിവസം കൊണ്ട്..
ഞാൻ ലോകം കണ്ടു..
സംസ്കാരങ്ങളെ അനുഭവിച്ചറിഞ്ഞു..
അടിച്ചമർത്തപ്പെട്ടവരുടെ നിസ്സഹായതക്കുമുന്നിൽ വിറങ്ങലിച്ചു നിന്നു..
വിപ്ലവം കണ്ടു..
വിപ്ലവത്തിന്റെ ഭാഗമായി..
ഇതിൽ കൂടുതൽ ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല !!

ശുഭം.

അടിക്കുറിപ്പ് :
"ടാഗോർ " തിയേറ്ററിൽ ദേശീയഗാനം ഉയരുന്നു..
സീറ്റിൽ നിന്നും എണീക്കാൻ തോന്നിയില്ല !!
രാജ്യസ്നേഹികൾ പുറകിൽ നിന്നും പിറുപിറുക്കുന്നു..
പുറത്തു പ്രതിഷേധം..
രവീന്ദ്രനാഥ്‌ "ടാഗോർ " കാണുന്നുണ്ടോ ആവോ !!

ആഹ്.. ദി IRONY..

- പ്രകാശം പരക്കട്ടെ..