Thursday, December 15, 2016

അനന്തപുരിയിലെ വിപ്ലവം..

അങ്ങനെ നാലു ദിവസം നീണ്ടുനിന്ന ആ പ്രയാണം (ഭ്രാന്ത് ) അവസാനിക്കുകയാണ്.
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം മനസ്സിലുണ്ട്. IFFK എന്ന വലിയ സ്വപ്നസാക്ഷാത്‍കാരം മനസ്സിനെ എന്തൊക്കെയോ വികാരങ്ങളാൽ പുളകം കൊളിക്കുന്നുണ്ട്.
വിപ്ലവം.. സിനിമ.. സിനിമയിലൂടെ വിപ്ലവം..സംസ്കാരങ്ങൾ.. എതിർപ്പുകൾ.. ചർച്ചകൾ.. കണ്ടുമുട്ടലുകൾ.. അതെ.. വെറും 4 ദിവസം കൊണ്ട് അനുഭവങ്ങളുടെ കെട്ടുകൾ എനിക്ക് മുന്നിൽ അഴിച്ചുവച്ചിരിക്കുകയാണ് IFFK..
ഒരുപക്ഷെ നല്ല സിനിമ കാണണം എന്ന ഒരു ആഗ്രഹം.. അതിനപ്പുറം മറ്റൊന്നും ഉണ്ടായിരുന്നില്ല.. എന്റെ കണക്കുകൂട്ടലുകൾ വീണ്ടും വീണ്ടും തിരുത്തപ്പെടുകയാണ്.
സിനിമാക്കപ്പുറം അനുഭവങ്ങളുടെ വലിയൊരു CANVAS ആയിരുന്നു IFFK. ടാഗോർ തിയേറ്ററിൽ തുടങ്ങിയ അനുഭവങ്ങളുടെ വലിയ ലോകം കൈരളിയും ശ്രീയും നിശാഗന്ധിയും കടന്നു എന്റെ ജീവിത കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ളതാണെന്നു കരുതിയിരുന്നില്ല ഒരിക്കലും.
ജാതി.. മതം.. രാഷ്ട്രീയം എന്നിങ്ങനെ ഒരു മനുഷ്യനെ ബാധിക്കുന്ന എല്ലാത്തിനേം ഈ ദിവസങ്ങളിൽ ഞാൻ കണ്ടുമുട്ടി..
MANHOLE.. കാട് പൂക്കുന്ന നേരം.. ആറടി.. ഗോഡ്‌സെയ് എന്നിവയിലൂടെ എല്ലാം അടിച്ചമർത്തപ്പെട്ട പ്രതികരണശേഷി നഷ്ടപെട്ട സമൂഹങ്ങളെ ഞാൻ കണ്ടു..
ആത്മവിശ്വാസത്തിന്റെ ചെറിയ തീപ്പൊരി എത്ര വലിയ വിപ്ലവം സൃഷ്ടിക്കാം എന്ന് മനസ്സിലാക്കി..
മനുഷ്യനെ മനുഷ്യനായി കാണാതെ അതികാരവർഗത്തിന്റെയും UPPER CLASS ന്റെയും ചട്ടക്കൂടിൽ നിന്ന് കൊണ്ട് അവരെ മാവോയിസ്റ്റുകളായും നക്സലുകളായും നോക്കിക്കാണുന്ന അരാജക സമൂഹങ്ങളെ ഞാൻ കണ്ടു, അറിഞ്ഞു. അടിയേറ്റുവീഴാതെ കൂടുതൽ ഉയർന്നു പറക്കാൻ എനിക്ക് പോലും അവ പ്രചോദനമായെങ്കിൽ കാലാകാലങ്ങളായി മേലാളന്മാരുടെ അക്രമങ്ങൾ സഹിക്കുന്ന അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളു..
സിനിമയിലെ വിപ്ലവം ആസ്വാദകരിലേക്കു ഒഴുകിയെത്തുന്ന മഹാപ്രതിഭാസത്തിനു ഞാൻ സാക്ഷിയായി..
സിനിമയുടെ അണിയറപ്രവർത്തകർക്ക് ലഭിച്ച ഹർഷാരവങ്ങൾ ആത്മാർത്ഥമാണെങ്കിൽ ഇവിടെ ഇനിയും വിപ്ലവങ്ങളുണ്ടാവും.. തീർച്ച !!

ലോകസിനിമയിലേക്കുള്ള എന്റെ ജാലകമായിരുന്നു IFFK. ഇന്ത്യൻ സിനിമാക്കപ്പുറം ഹോളിവുഡ് മാത്രമാണെന്ന് വിശ്വസിച്ച എനിക്ക് തെറ്റി.
സിനിമ എന്ന കലാരൂപത്തിന്റെ അർത്ഥം  എന്നെ സംബന്ധിച്ചു മറ്റു പലതുമായിരുന്നു ഇവിടെ വരുന്നത് വരെ.  ശബ്ദഘോഷങ്ങളും വർണശബളമായ കാഴ്ചകളും ത്രസിപ്പിക്കുന്ന സംഗീതവുമാണ് സിനിമയുടെ ജീവൻ എന്ന വിശ്വാസം തെറ്റാണെന്നു ഞാൻ തിരിച്ചറിഞ്ഞു.
ഒരൊറ്റ ഫ്രെയിം.. നിശബ്ദതയുടെ വലിയ ശബ്ദം.. മനസ്സിൽ തുളച്ചുകയറുന്ന ഒരു  നോട്ടം.. സിനിമ അതാണ്..
Wang Xuebo ഉടെ Knife in Clear Water കണ്ടു കഴിഞ്ഞപ്പോൾ ആ ചിത്രത്തിലെ ഒരോ ഫ്രെയിമും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. സിനിമ എന്താണെന്ന് ഞാൻ അറിഞ്ഞത് അവിടെ വച്ചായിരുന്നു..
Clash എന്ന ഈജിപ്ഷ്യൻ ചിത്രവും.. Sand Storm എന്ന ഇസ്രായേലി ചിത്രവും സംസ്കാരങ്ങളും അനുഭവങ്ങളും നിറഞ്ഞ പുതിയ ഒരു ലോകത്തിലേക്കു എന്നെ കൂട്ടികൊണ്ടുപോയി..

വെറും 4 ദിവസം കൊണ്ട്..
ഞാൻ ലോകം കണ്ടു..
സംസ്കാരങ്ങളെ അനുഭവിച്ചറിഞ്ഞു..
അടിച്ചമർത്തപ്പെട്ടവരുടെ നിസ്സഹായതക്കുമുന്നിൽ വിറങ്ങലിച്ചു നിന്നു..
വിപ്ലവം കണ്ടു..
വിപ്ലവത്തിന്റെ ഭാഗമായി..
ഇതിൽ കൂടുതൽ ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല !!

ശുഭം.

അടിക്കുറിപ്പ് :
"ടാഗോർ " തിയേറ്ററിൽ ദേശീയഗാനം ഉയരുന്നു..
സീറ്റിൽ നിന്നും എണീക്കാൻ തോന്നിയില്ല !!
രാജ്യസ്നേഹികൾ പുറകിൽ നിന്നും പിറുപിറുക്കുന്നു..
പുറത്തു പ്രതിഷേധം..
രവീന്ദ്രനാഥ്‌ "ടാഗോർ " കാണുന്നുണ്ടോ ആവോ !!

ആഹ്.. ദി IRONY..

- പ്രകാശം പരക്കട്ടെ.. 

No comments:

Post a Comment