Sunday, January 9, 2022

OMR കഥകൾ - 1

**മദ്യപാനം ആരോഗ്യത്തിന് ഹാനികരം "** പ്ഫ്ഫ്ഫ്!!!(ചിരിപ്പിക്കരുത്)


വര്ഷം 2016.. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ട്രെയിൻ കയറും മുന്നേയാണ് ആ ഫോൺ കാൾ വരുന്നത് . 

"അളിയാ.. വരുമ്പോ OMR കൊണ്ട് വരാൻ മറക്കണ്ട "

OMR..
ഒന്നും മറന്നിട്ടില്ല രാമാ..

വര്ഷങ്ങള്ക്കു മുന്നേ ചീറ്റിപോയ മറ്റൊരു ലാലേട്ടൻ ഫാൻ ഷോയുടെ ഞെട്ടിക്കുന്ന ഓർമകൾ മനസ്സിലൂടെ മിന്നൽ പിണറായി കടന്നുപോയി.


"എന്തോന്ന്? ആർടെ OMR ??"


ജീവിതത്തിൽ ഇനി ഒരിക്കലും മറക്കാനോ ജീവിതത്തെ തന്നെ മാറ്റിമറിക്കാനോ പോകുന്ന ഒരു ചോദ്യമായിരിക്കും അതെന്ന് ആ നിമിഷത്തിൽ ഓർത്തിട്ടുണ്ടാവില്ല.

"ഓൾഡ് മോങ്ക് റം " ശബ്ദം ദൃഢമായിരുന്നു.

കാർമ്മൽ സ്കൂളിലെ ചൂരലിനാൽ പേടിപ്പെടുത്തുന്ന പല രൂപങ്ങളോടും കൊടുക്കുന്ന പേടി കലർന്ന ദൃഢത .


"കേരളത്തിൽ കിട്ടില്ലെടാ.. അവിടന്ന് വാങ്ങിക്കൊണ്ട് വാ.."

ഇത്രയും ഫേമസായ OMR നെ പറ്റി അറിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ "മധുലോകയുടെ" പടികൾ ഓരോന്നായി കയറിച്ചെന്നു .


ജൂനിയർ മാൻഡ്രേക്കിനെ ഓർമിപ്പിക്കുന്ന തല... നോക്കുന്നവന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഉറച്ച നോട്ടം...

ആദ്യകാഴ്ചയിൽ തന്നെ ആ രൂപം മനസ്സിനെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.


ഇന്ന് നീണ്ട 5  വര്ഷങ്ങള്ക്ക് ഇപ്പുറം OMR കേരളമണ്ണിൽ സുലഭം.. ബീവറേജസ് കോർപറേഷന്റെ തൊപ്പിയിലെ പൊൻതൂവൽ ..

സുഹൃത്ത് വലയത്തിൽ വിദേശികൾ കൂടിയപ്പോൾ നാട്ടിലേക്കൊഴുകിയ ഭ്രമിപ്പിക്കുന്ന ത്രസിപ്പിക്കുന്ന അപ്സരസുകൾക്കിടയിലും ഈ വയസ്സൻ യോഗി തല കുനിക്കാതെ ഉയർന്നിങ്ങനെ..


അങ്ങനെ ഒരു ദിവസം "മഹാറാണി"യിൽ നിന്നും OMR ന്റെ ബലത്തിൽ വരുണിനൊപ്പം ഇരിക്കുമ്പോഴാണ് ആ ആശയം മനസ്സിലുദിക്കുന്നത്.. (വരുണിനെ പറ്റി പിന്നെ ). OMR നു അങ്ങനെ പല ഗുണഗണങ്ങളും ഉണ്ട് "ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ചിലപ്പോ നമ്മളെ ഇങ്ങനെ ..."


"ഗോവക്ക് വിട്ടാലോ??""

പറയുമ്പോൾ പല കാരണങ്ങൾ കൊണ്ട് overrated ആണെങ്കിലും വെറുതെ ഇരിക്കുമ്പോൾ അങ്ങനെ പല ആഗ്രഹങ്ങഉം ഉണ്ടാവാറുണ്ട്.

ആകെ കയ്യിലുള്ളത് ഒരു Aviator സ്കൂട്ടറാണ്..

OMR തന്ന ധൈര്യം ആണോ എന്നറിയില്ല.. ലവന്റെ ചോദ്യം എനിക്കും നന്നേ ബോധിച്ചു..

അവസാനമായി ഗോവക്ക് പോയത് കോറോണക്ക് തൊട്ടു മുന്നേയാണ്.. എല്ലാം നിമിത്തം.. ദേവിയേ...


"മഹാറാണി"യുടെ കാലുകൾ തൊട്ട് വണങ്ങി Aviator എടുത്ത് പുറത്തിറങ്ങി. വണ്ടിയെടുത്തു 2 മിനുട്ട് കഴിഞ്ഞപ്പോഴാണ് അമളി മനസിലായത്.. മാസ്ക് എടുക്കാൻ മറന്നിരിക്കണു .. ഹായ് ..


OMR ഉം ഒരു പിടി കുരുമുളകും ചേർത്ത് പിടിച്ചാൽ കൊറോണ പമ്പ കടക്കുമെന്ന "ഡോക്ടർ " നീതുലിന്റെ ഉപദേശത്തിന്റെ പുറത്താണോ എന്നറിയില്ല.. മഹാറാണിയിൽ കയറിയപ്പോൾ മുഖത്തു ഉണ്ടായ മാസ്ക് തിരിച്ചിറങ്ങുമ്പോ കാണ്മാനില്ല .


"മാസ്ക് ഇല്ലാതെ എങ്ങനെ ഗോവക്ക് പോവും ???"

ചോദ്യം ചോദിച്ച തിരിയും മുന്നേ അണ്ണൻ മാസ്ക് നീട്ടി..

"എനിക്ക് ഇത് നേരത്തെ അറിയാമായിരുന്നു.. ഇന്നാ പിടിച്ചോ.."

"നന്മയുള്ള ലോകമേ.. കാത്തിരുന്നു കാണുക..." ബാക്ക്ഗ്രൗണ്ടിൽ മ്യൂസിക്.. റോഡിൻറെ ഒരു വശത്തു പിണറായി സഖാവിന്റെ കട്ട്ഔട്ട്.. ഹോ .. വാട് ആൻ അംബിയൻസ്..

"ഗോവ ഈസ് ഓൺ !!!!! "



മനസ്സിൽ ആർപ്പുവിളിച്ചു Aviator മുന്നോട്ട് കുതിച്ചു .. ലോകത്തുള്ള സകലതിനെയും പറ്റി സംസാരിച്ചു സംസാരിച്ചു വണ്ടി ഇങ്ങനെ കണ്ണൂർ ജില്ലയിലേക്ക് നീങ്ങുകയാണ് .. സമയം ഏതാണ്ട് രാത്രീ എട്ടെട്ടര..


മിന്നിമായുന്ന ലൈറ്റുകൾ തെളിച്ച ഒരു വണ്ടിയുടെ മുന്നിലേക്കാണ് വണ്ടിയും സംസാരവും ചെന്ന് നിന്നത്..

കൈ കാണിച്ച കാക്കി കുപ്പായമിട്ട ചങ്ങായിടെ തോളിൽ നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നു..


സിമ്പിൾ ആയി പറഞ്ഞാൽ.. "പോലീസ് പൊക്കി"


"വണ്ടി നിർത്തെടാ!!!! "


ഇടിമുഴക്കം കണക്കുള്ള ശബ്ദത്തിൽ ഏമാന്റെ ആജ്ഞ.. പറയുമ്പോ എല്ലാം പറയണമല്ലോ.. കുറ്റം ഒന്നും ചെയ്തില്ലേലും കാക്കി കണ്ടാൽ നാട്ടുകാർക്ക് ചുമ്മാ പേടിയാണ്.. "സില്ലി പീപ്പിൾ" 

 

OMR എന്ന ധൈര്യം ആണോ എന്നറിയില്ല.. ഉറച്ച ശബ്ദത്തിൽ ഞാൻ മറുപടി പറഞ്ഞു..

"എന്താ സാറേ..."


ഏമാൻ വീണ്ടും എന്നെ അടിമുടി ഒരു നോട്ടം.. പിന്നെ പുറകിലുള്ള മൊതലിനെയും.. 

ഏമാന്റെ മുഖത്തെ വികാരങ്ങൾ സഖാവ് നേരിട്ട് വന്നു ഇട്ട (എന്ന് തോന്നും ഫ്ലക്സ് കണ്ടാൽ ) ഹാലൊജൻ വെളിച്ചത്തിൽ സുവ്യക്തമായിരുന്നു..

"മാസ്ക് എവിടെടാ???"

ഹെൽമെറ്റുള്ളത് കൊണ്ട് കാണാത്തതാവും എന്ന കരുതി നല്ല വൃത്തിക്ക് ഹെൽമെറ്റ് ഊറി മാസ്ക് ഇട്ട എന്റെ മുഖം ഏമാനെ കാണിച്ചു..

നന്മയുള്ള ചങ്ങായിടെ കൂടെയാണല്ലോ വന്നതെന്നുള്ള സന്തോഷത്തിൽ ഞാൻ ധൃതങ്ങപുളകിതനായി..


"എന്നാ പിന്നെ പൊക്കോട്ടെ സാറേ?? "


ഒരു ഭാവവ്യത്യാസവും ഇല്ലതെഹ് ഏമാൻ വീണ്ടും മൊഴിഞ്ഞു..

 "നിന്റെ അല്ലെടാ .. പുറകിലിരിക്കുന്നവന്റെ മാസ്ക് എവിടെയാണെന്ന്???"


സഖാവിന്റെ ഭരണത്തിൽ നല്ല വികസനം ആയതുകൊണ്ടാണോ എന്നറിയില്ല.. വെട്ടിത്തിളങ്ങുന്ന ഹാലൊജൻ ലൈറ്റിന്റെ വെളിച്ചത്തിൽ "നന്മയുള്ള" ചങ്ങായിടെ ഇളിച്ച "മോന്ത" എന്റെ മാസ്ക്ക് ഇട്ട മുഖത്തെ നിർവികാരത കണ്ടിട്ട് ലവൻ ഏമാൻ കേൾക്കാതെ..


"നീയല്ലേ ചങ്ങായീ മാസ്ക് ചോദിച്ചത്"


"എങ്ങോട്ടാടാ മാസ്ക് ഒന്നും ഇടാതെ ഈ നേരത്തു " ഞെട്ടിച്ചു കൊണ്ടുള്ള ആ ചോദ്യത്തിൽ OMR ദൈവങ്ങൾ വരെ കിടുങ്ങി..

 "ഗോ.. " എന്ന് പറഞ്ഞുതുടങ്ങും മുന്നേ ലവന്റെ വായിൽ ആ മാസ്ക് കുത്തിതിരുകണം എന്നുണ്ടാർന്നു .. എന്നിരുന്നാലും എന്റെ മാസ്കിനുള്ളിലെ പച്ച തെറി തിരിച്ചറിഞ്ഞ അവൻ നിർത്തി വീണ്ടും മൊഴിഞ്ഞു..


"സാറേ ഞങ്ങ ആ ധർമടം പാലം കാണാൻ വന്നതാ.."

ശിവനേ .. ഏത് ധർമ്മടം.. ഏത് പാലം...


കൂടുതൽ സൂക്ഷ്മ പരിശോധനക്ക് മുൻപ് ലവന്റെ ബുദ്ധിക്ക് കൂടെ നിൽക്കേണ്ടി വന്നു.. വരുന്ന വഴിക്ക് കാറ്റത് പറന്നു പോയതാ സാറേ .. എന്നൊക്കെ പറഞ്ഞു പുറത്തു പറയാൻ പറ്റാത്ത അത്രേം ഗാന്ധിയെ എണ്ണിക്കൊടുത്ത അവിടന്ന് തലയൂരി..


അങ്ങനെ ഗോവക്ക് പോവാനുള്ള ആത്മധൈര്യവും പെട്രോള് കാശും അവിടെ വെച്ച തന്നെ വസ്സൂലായത്കൊണ്ട് തത്കാലം തിരിച്ച പോയേക്കാം എന്ന കരുതി വണ്ടി തിരിക്കാൻ ഇങ്ങനെ നിക്കുമ്പോ ദേ വരുന്ന അടുത്ത വള്ളി ..


"മാസ്ക് ഇല്ലാതെ എവിടെ പോണേടാ രണ്ടും കൂടെ.." 

ഒടുക്കം അപ്പറത്തെ ജംഗ്ഷനിൽ പോയി മാസ്കും വാങ്ങി ഏതോ പാലം കണ്ട് അതിനു ധർമ്മടം പാലം എന്ന് പേരും കൊടുത്തു കോഴിക്കോട്ടേക്ക് പോവുമ്പഴും അവൻ തന്ന ആ മാസ്ക് മുഖത്തു ഉണ്ടായിരുന്നത് ഞാൻ ഓർത്തില്ല..


അവസാനം പാതിരാക്ക് ഉറക്കത്തിൽ നിന്നും മാസ്ക് കാരണം ശ്വാസം കിട്ടാതെ ഞെട്ടി ഉണർന്ന് നോക്കുമ്പോ ഷെൽഫിന്റെ മേളിൽ ഇരുന്ന് OMR ന്റെ തലയോട്ടി ഇരുന്നു ചിരിക്കുന്നു..

മനസ്സിൽ ഇങ്ങനെ പതുകെ മന്ത്രിച്ചു കിടന്നു "എല്ലാം OMR ന്റെ പവറാ "


No comments:

Post a Comment