Friday, February 24, 2023

OMR കഥകൾ - രണ്ടാം ഭാഗം!!


"മാണി സാർ ധാരാവിയുടെ ഐശ്വര്യം!! "


ധാരവിയിലെ മറ്റൊരു വിരസമായ രാത്രിയിലാണ് സച്ചിൻ്റെ വിളി വരുന്നത്!!

"ഞാനും ജിയോയും അങ്ങോട്ട് വരാം"


ഒടിഞ്ഞ കട്ടിലിൽ രാജാവിനെ പോലെ കിടക്കുന്ന ഞാൻ അഭിഷേകിനെ നോക്കി..

ഇന്ന് ആരെയും പറ്റി "നല്ലത്" പറയാൻ ഇല്ലാത്തത് കൊണ്ട് നേരത്തെ ഉറങ്ങി എന്ന് മനസ്സിലാക്കി മുകളിലോട്ട് പോവാൻ തീരുമാനിച്ചു..

സമയം രാത്രി 11 കഴിഞ്ഞു..

ജെവിൻ അർദ്ധനഗ്നൻ ആണ്.. ഉറക്കത്തിലും.. എത് കൊടും തണുപ്പിലും കുഞ്ഞി ബോക്‌സർ വിട്ടൊരു കളിയില്ല!!റൂമിലെ ലൈറ്റ് കെടണോ വേണ്ടയോ എന്ന ധർമസങ്കടതിൽ ആണ്.. ഒടിഞ്ഞ കഴുത്തുള്ള ലാപ്ടോപ് അരികിൽ അവസാന ശ്വാസം വലിച്ചൊണ്ട് കിടപ്പുണ്ട്.. മഞ്ഞ പച്ച.. പച്ച മഞ്ഞ.. 


ഇനി മുകളിലോട്ട്..

ജോസ് ഏതോ കൊറിയൻ സീരീസ് കണ്ട് കിടപ്പുണ്ട്.. പുറത്ത് പോവാൻ വിളിച്ചാലും വരില്ല.. മനു നൻപകൽ മയക്കത്തിൽ ആണ്.. അവൻ എണീക്കുന്ന സമയം ആയിട്ടില്ല.. ഒരു 3 ഒകെ ആവും..

ഗോകുൽ വാതിൽ അടച്ച് ഒറ്റക്ക് റൂമിലെ എന്തോ പണിയിൽ ആണ്.. ഒറ്റക്ക് പഠിച്ചൊണ്ട് ഇരിക്കായിരിക്കും..


വാതിലിൽ തള്ളി നോക്കാം എന്ന് കരുതി മുന്നോട്ട് നടന്നപ്പോൾ പെട്ടെന്ന് താഴെ ബൈക് വന്നു നിന്നു..

ബൈക്കിൻ്റെ ശബ്ദം കേട്ട് ഞാൻ ബാൽക്കണി ഡോർ തുറന്ന്.. അത് കേട്ട് ഗോകുൽ അവൻ്റെം..


വാതിൽ പൂട്ടുന്ന ശീലം ഇല്ലാത്തത് കൊണ്ട് അവന്മാർ വണ്ടി വെച്ചിട്ട് അകത്ത് കേറി..


"ഭയങ്കര ബോറടി.." സച്ചിൻ അലറി..

ഞാൻ വീണ്ടും സമയം നോക്കി..

11.45..

ബോറടിക്കാൻ പറ്റിയ സമയം..

സച്ചിൻ വിളിച്ചോണ്ട് വന്നതാണ് ഇല്ലെങ്കി ഞാൻ കിടന്നു ഉറങ്ങി കാണും എന്ന ഭാവത്തിലാണ് ജിയോ..

വന്ന വഴി റൂമിലെ കേറി ഒടിഞ്ഞ സിംഹാസനത്തിൽ അവൻ കിടന്നു..

ഏത് തൊഴുത്തിൽ കൊണ്ട് ഇട്ടാലും പോത്ത് പോലെ ഉറങ്ങാനുള്ള അവൻ്റെ കഴിവ് കണ്ട് വീണ്ടും ഞങ്ങൾ ഞെട്ടി..


പതിവ് പോലെ ഏതോ ഒരു പെണ്ണിൻ്റെ കാര്യം പറഞ്ഞ് സച്ചിൻ തുടങ്ങി..

പിന്നെ വേറെ.. അത് കഴിഞ്ഞ് വേറെ..

അങ്ങനെ അങ്ങനെ..

ക്ലോക്ക് വീണ്ടും നോക്കി..

12 കഴിഞ്ഞ് അര മണിക്കൂർ പിന്നെ ഒരു 10 മിനുട്ട്..

"ബാ.. ചായ കുടിക്കാം"

ഉറച്ച ശബദത്തിൽ ഗോകുൽ..

"മൂന്ന് ആൾ പോയ മൂഞ്ചും എന്നല്ലേ?? "

മൂഞ്ചിയ ശബ്ദത്തിൽ സച്ചിൻ..

"ത്രിപിൾ ഒകെ പോണോ??"

എന്തോ ശബ്ദത്തിൽ ഞാൻ..

"ഇറങ്ങി വാടോ.. താൻ എന്തൊരു ബോർ ആണ്.."

ഗോകുൽ അപമാനിച്ചു..

പിന്നെ ഒന്നും നോക്കിയില്ല..

ഞാൻ ആദ്യം ഇറങ്ങി..

പിന്നാലെ സച്ചിനും!!


സാധാരണ പോവാറുള്ള ടോൾ ചായകട വരെ പോവാനുള്ള ധൈര്യം എനിക്ക് ഇല്ലാത്തത് കൊണ്ട് ഭാരത് മാത അടുത്തുള്ള വില കൂടിയ 24/7 ചായ കുടിക്കാം എന്നായി തീരുമാനം!!

വണ്ടി ഗോകുൽ എടുക്കണം!!

വണ്ടി ആണ് വണ്ടി.

FZ ആണെന്നാണ് ഇവർ പറയുന്നത്.. കമ്പനി സമ്മതിച്ചു തരും എന്ന് തോന്നുന്നില്ല..

സ്റ്റാർട്ട് ആവാൻ വല്യ പാടാ..സ്റ്റാർട്ട് ആയാൽ പിന്നെ നിക്കേം ഇല്ല.. ഹോൺ വല്ലപ്പോഴും ആണ് വർക് ആവണത്.. ആയാലോ.. പിന്നെ നിർത്താൻ കേബിൾ വലിച്ച് ഊരണം!!

എന്തോ ഭാഗ്യത്തിന് ആദ്യത്തെ കിക്കിൽ വണ്ടി സ്റ്റാർട്ട് ആയി!!

"പ്രതികാരം ഇന്ന് തന്നെ ചെയ്യാം" സച്ചിൻ്റെ വക സിക്‌സർ!! 


വണ്ടി എടുത്ത് അങ്ങനെ പോയി 24/7 ലെ വിലകൂടിയ ചായ ഒകെ കുടിച്ച് ഇറങ്ങി..

പൈസക്കാരൻ ആണെങ്കിലും എച്ചി ആയ ഗോകുൽ ആണോ പൈസ കൊടുത്തത് എന്ന് ഓർമ ഇല്ല.. ആരോ കൊടുത്തു.. അതോണ്ട് ഇറങ്ങി വന്നു!!

വല്യ വല്യ ചർച്ചകൾ നടന്ന സ്ഥലം ആണ് ഈ 24/7 ചായകട.. 

ഷോർട്ട് ഫിലിം ചർച്ച..

പ്രണയം പൊട്ടി പോയ ചർച്ച..

കോളജിലെ അവസാന ദിവസ ചർച്ച..

അങ്ങനെ അങ്ങനെ..

ഈ അടുത്ത് അവിടെ പോയപ്പോ ചായകട അടച്ച് പൂട്ടിയത് കണ്ട് ചങ്ക് തകർന്നത് വെറുതെ ഇവിടെ കിടന്നോട്ടെ.. വെറും ദുരന്തം!!


അങ്ങനെ പുറത്ത് ഇറങ്ങി തിരിച്ച റൂമിലേക്ക് പോവുമ്പോ ഇടയ്ക്ക് വെച്ച് സച്ചിന് atm കേറി പൈസ എടുക്കണം എന്നൊരു നിർബന്ധം..

സ്വന്തം കോളജിൻ്റെ മുന്നിൽ നല്ല ac ഒകെ ഉള്ള atm ഉണ്ട്.. അതൊന്നും പറ്റില്ല..

ഇവിടത്തെ തന്നെ വേണം!!

എന്തെങ്കിലും ആവട്ടെ..

പാതിരാ ഭ്രാന്തിനെ ചോദ്യം ചെയ്യാൻ പാടില്ല എന്ന വാക്കിൻ്റെ പുറത്ത് വണ്ടി വീണ്ടും തിരിച്ച് atm ലക്ഷ്യമാക്കി പാഞ്ഞു.. ഒരു 25-30km/hr സ്പീഡിൽ..


Atm ഇൻ്റെ മുന്നിൽ എത്തിയതും വണ്ടി തനിയെ ഓഫ് ആയി.. പുതിയ ടെക്നളജി ആണ്.. Musk അണ്ണൻ ഒന്നും അന്ന് ഇത് ആലോചിച്ചിട്ട് കൂടി കാണില്ല.. ശാസ്ത്രത്തിൻ്റെ ഓരോ വളർച്ച..


വണ്ടി എങ്ങനെ ഓഫ് ആയി എന്ന് നോക്കി ഗോകുൽ വണ്ടിയുടെ അടുത്ത്..

Ac ഉണ്ടാവും എന്ന് കരുതി സച്ചിൻ്റെ കൂടെ atm ലേക്ക് ഓടി കയറി തേഞ്ഞ ഞാൻ പയ്യെ പുറത്ത് ഇറങ്ങി നിന്നു.. സച്ചിൻ അകത്ത് കോടികണക്കിന് രൂപ വലിചൊണ്ട് ഇരിക്കുന്നു.. കനം കൂടിയത് കൊണ്ടാണോ അറിയില്ല.. പൈസ വരാം വൈകി..

ഞാൻ ഇടയ്ക്ക് അകത്തോട്ടു നോക്കും.. പിന്നെ തിരിഞ്ഞ് പുറത്തോട്ടും..

അങ്ങനെ ഒരു 10-15 മിനിറ്റ് ആയികാണും..


പെട്ടെന്ന് ഒരു 50m അകലെ ഒരു ദിവ്യ വെളിച്ചം..

അത് ഇങ്ങനെ നീല.. ചോപ്പ.. ചോപ്പ... നീല.. മാറി മാറി കത്തുന്നു..

ഓരോ നിമിഷം കഴിയും തോറും വെളിച്ചം അടുതോട്ട് വരുന്നുണ്ട്..

വന്ന് വന്ന് ദിവ്യ വെളിച്ചം എൻ്റെ മുന്നിൽ വന്നു നിന്നു..


വെളിച്ചത്തിൽ കണ്ണ് മഞ്ഞളിച്ച എൻ്റെ മുന്നിൽ കാക്കി ഉടുപ്പിട്ട ഒരു മാലാഖ..

"പാതിരക്ക് ഇവിടെ എന്താടാ പണി??"

മാലാഖയുടെ ശബ്ദം ഞാൻ വിചാരിച്ചത് പോലെ അല്ലല്ലോ!!

നല്ല കനം!!

ദിവ്യ വെളിച്ചം നിന്നതും.. സച്ചിൻ ഇറങ്ങി വന്നതും ഒരുമിച്ച് ആയിരുന്നു..

"എന്നാ സാറേ.. എന്ത് പറ്റി?? "

മാലഖയെ സച്ചിൻ സാറേ എന്ന് വിളിച്ചപ്പോ ആണ് പോലീസിൻ്റെ യൂണിഫോം തെളിഞ്ഞത്..


"അത് ശരി.. നീ ഞങ്ങളെ ചോദ്യം ചെയ്യാൻ വന്നതാണോട?"

ഉത്തരം പറയുന്നതിന് പകരം ചോദ്യം ചോദിച്ച സാറിൻ്റെ ഔചിത്യ ബോധം എത്ര ലജ്ജാകരം!!

പെട്ടെന്നാണ് വണ്ടി സ്റ്റാർട്ട് ആകികൊണ്ടിരുന്ന ഗോകുലിൻ്റെ അടുത്തുന്ന് ആ ശബ്ദം വന്നത്!!

"ഡ്ർറ്...."

"വണ്ടി സ്റ്റാർട്ട് ആയല്ലോ!!"

"ഓഹോ.. നിങ്ങൾ മൂന്നാളും കൂടി ആണല്ലേ?? ഇവിടെ വാടാ.."

ഗോകുലും പെട്ട്..


"എന്താടാ പാതിരക്ക് ഒരു ചുറ്റികളി??

എന്തിനാട നീ atm ന് കാവൽ നിക്കണത്??

വേറെ ഒരുത്തൻ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി ബൈക് സ്റ്റാർട്ട് ചെയ്ത് നിക്കുന്നോ?"


മനസ്സിൽ തീ പടർന്ന്.. പോലീസ് ആയൊണ്ട് ആണോ അറിയില്ല..

പറഞ്ഞത് എല്ലാം കറക്റ്റ് ആണ്..

ഒരു മാതിരി കള്ളന്മാരെ പോലെ തന്നെ ആയിരുന്നു എല്ലാം..

ഇത്രേം അടിപൊളി ആയിട്ട് കള്ളന്മാർ പോലും പ്ലാൻ ചെയ്യില്ല!!

ഒരുത്തൻ atm കുത്തി തുറക്കുന്നു.. ഒരുത്തൻ ആരെങ്കിലും വരുന്നോ എന്ന് നോക്കി പുറത്ത്.. വേറെ ഒരുത്തൻ എല്ലാം കഴിഞ്ഞ് ഇറങ്ങി ഓടാൻ വണ്ടി റെഡി ആക്കി വെയ്റ്റിംഗ്..

വാവ്!! വാട്ട് എ പ്ലാൻ!!!!


തീ കുറച്ച് കൂടി ആളി കത്തി തുടങ്ങി..

സച്ചിൻ്റെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി തിരിഞ്ഞത്..

"എൻ്റെ പൊന്നു സാറേ.. ചായ കുടിക്കാൻ ഇറങ്ങിയ ആണ് സാറേ.. ഞങൾ മോഡലിൽ ആണ് പഠിക്കണെ.. എൻ്റെ പേര് സച്ചിൻ.. ഇവൻ ശരത്.. അവൻ ഗോകുൽ.. പൈസ എടുക്കാൻ വന്നതാ സാറേ.. " ഇനി അഡ്രസ്സ് കൂടി പറയാൻ ബാക്കി ഒള്ളു!!


"പാതിരാത്രി ആണോടാ ചായ?? " - സാർ അലറി!! അങ്ങനെ ചോദിക്കാൻ പാടില്ലാർന്ന്..

"ഈ പാതിരാക്ക് പൈസ എന്തിനാടാ?? " - വീണ്ടും ചോദ്യം.. ഈ പ്രാവശ്യം പക്ഷേ നല്ല ചോദ്യം!! സച്ചിൻ ഉത്തരം പറയട്ടെ.. ഞങൾ അവനെ നോക്കി.. അവൻ ഞങ്ങളെയും..


"ഈ വഴി വന്നപ്പോ കേറിയതാ സാറേ.. നാളെ രാവിലെ എക്സാം ഫീസ് കൊടക്കണം!! അതോണ്ട് എടുത്തതാണ് സാറേ!!"


"ഏത് എക്സാം?? ഏത് ഫീസ്??" ഞാനും ഗോകുലും പരസ്പരം നോക്കി.. നുണ പറയുമ്പോ പ്ലാൻ ചെയ്ത് പറയണം എന്ന് ഇവനോട് പണ്ടേ പറഞ്ഞിട്ടുണ്ട്!! ശവം!!

ഇനി അത് വല്ലോം ചോദിച്ച് വന്നാ ഓരോ ഉത്തരം കൂടി പറഞ്ഞ പൂർത്തി ആയി..


പോലീസ് മാമൻ പക്ഷേ സച്ചിൻ്റെ എക്സാം മാത്രം ആണ് ശ്രദ്ധിച്ചത്..


"അത് ശരി.. പഠിക്കണ പിള്ളേർ അല്ലേ..

എന്നാ ഒരു കാര്യം ചെയ്യാം..

ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ ഉത്തരങ്ങൾ പറഞ്ഞ പോക്കോ.."


പശ്റ്റ്!! ഇനി അതിൻ്റെ ഒരു കൊറവെ ഒള്ളു... ഞാൻ കീഴടങ്ങാൻ തീരുമാനിച്ചു..

ഗോകുലിൻ്റെ മുഖത്തേക്ക് നോക്കി.. ഭയങ്കര സന്തോഷം.. പഠിപ്പി മൈ*** ..

സച്ചിൻ കുസൃതി ചോദ്യം വല്ലോം ആണെന്ന് കരുതി ചിരിച്ച് നിപ്പുണ്ട്..

"അറിയണ ഉത്തരം ആണെങ്കി പറയാം സാറേ" വിനയ കുലീനൻ ആയി ഞാൻ പറഞ്ഞു..

"ചോദിക്ക് സാറേ.." ഗോകുൽ ആവേശം മൂത്ത് കേറി..


"കേരളത്തിൻ്റെ ആഭ്യന്തര മന്ത്രി ആരാണ്??" 

കോൺഗ്രസ്സ് കേരളം ഭരിക്കുന്ന സമയം ആണ്.. എ ഗ്രൂപ്പും ഐ ഗ്രൂപ്പും മന്ത്രി സ്ഥാനം മാറി മാറി കളിക്കണ കാലം..


ഏതോ സമരത്തിൻ്റെ ഓർമ വെച്ച് രമേഷ് ചെനനിത്തല എന്ന് പറയാൻ ഞാൻ തീരുമാനിച്ചു..

സച്ചിൻ കുസൃതി ചോദ്യങ്ങൾ വരാത്ത സങ്കടത്തിൽ ആണ്..

ഉത്തരം പറയാൻ ഞാൻ ഇങ്ങനെ നിക്കുമ്പോ ദേ വരുന്നു..

"രാജ്നാഥ് സിങ്" നമ്മളോട് ആണ് കളി എന്നും പറഞ്ഞ് ഒരുത്തൻ!!

പണ്ടേ സംഘി സംഘി വിളി ഉള്ളത് അന്വർഥമാക്കി ഗോകുൽ വിളിച്ച് കൂവി..

ഉത്തരം പറഞ്ഞുള്ള അവൻ്റെ മോന്ത ഒന്ന് കാണണം!! "മോഡിജി ഉള്ളൊണ്ട് നീ ഒകെ രക്ഷപെട്ടു" എന്നും പറഞ്ഞുള്ള ആ നിപ്പും!!

പോലീസ് മാമൻ വേറെ പാർട്ടി ആയിട്ടും തല്ലാതെ വിട്ടത് നന്നായി!!

"ഇതാണോടാ കോളജ് പഠിക്കാൻ വിട്ട പിള്ളേരുടെ വിവരം??"

എന്ത് പറ്റി എന്ന് അറിയാതെ ഗോകുൽ ഇങ്ങനെ നിക്കാണ്..

സച്ചിൻ അപ്പഴും കുസൃതി ചോദ്യം നോക്കി ഇങ്ങനെ..

"സാറേ.. രമേശ് ചെന്നിത്തല അല്ലേ.." ഞാൻ പറഞ്ഞ് നോക്കി..

"പറ്റില്ല പറ്റില്ല.. തെറ്റി പറഞ്ഞ്.. നീ ഒകെ എന്താടാ പഠിക്കണെ??" സാർ കൈ മലർത്തി..

" സാറേ ഒരു ചാൻസ് കൂടി.. " ഗോകുൽ ഭൂമിയിൽ എത്തി പെട്ടെന്ന്! പൊട്ടന് ഇപ്പഴാണ് മനസ്സിലായത്!! 

"ഇത് തെറ്റിച്ച എന്ത് ചെയ്യണം??" സാർ terms and conditions പറഞ്ഞ് തുടങ്ങി..

"ഇത് തെറ്റില്ല സാറേ.. ഒറപ്പ്!! " ഗോകുൽ വീണ്ടും..

ഡേയ്.. ഡേയ്.. നിനക്ക് വേറെ വല്ല വഴി ചോദിച്ചൂടെ എന്ന് സച്ചിൻ്റെ മോകത് ഉണ്ട്..

ഞാൻ എല്ലാ ആശകളും കൈ വെടിഞ്ഞ് കൈ നീട്ടാനുള്ള ഒരുക്കത്തിൽ ആയിരുന്നു..

"ശരി.. എന്നാ കേരളത്തിൻ്റെ ധനമന്ത്രി ആരാണ്??"

പൊട്ടന് എന്തെങ്കിലും പറയാതിരിക്കാൻ ഞാൻ അവൻ്റെ മുന്നിൽ കേറി നിന്നു!! ഉത്തരം പറഞ്ഞില്ലെ്കിലും സംഘി ആണെന് മനസ്സിലാക്കി കൊടുക്കൽ വേണ്ട എന്നെ ഉണ്ടായിരുന്നുള്ളൂ!!

പെട്ടെന്നാണ് ആ ശബ്ദം ഞാൻ കേട്ടത്..


"സാർ.. നമ്മടെ മാണി സാർ!!! " സച്ചിൻ്റെ കണ്ണുകൾ വികസിച്ച്.. ഞാടി ഞെരമ്പുകളിൽ രക്ത പ്രവാഹം കനത്തു.. പാതിരാത്രി സച്ചിൻ്റെ മുഖത്ത് സൂര്യൻ ഉദിച്ചു..


പോലീസ് മാമൻ ഞെട്ടി.. ആ ചെറിയ ശരീരത്തിൽ നിന്നും വന്ന വലിയ ഉത്തരം കേട്ട് സാർ ദൃതങ്കപുളകിതനായി!!

സാർ ഫ്ലാറ്റ്..

"പഴേ കേരള കോൺഗ്രസ് ആണെന്ന് തോന്നുന്നു.." ഗോകുലിനോട് ഞാൻ പതുകെ പറഞ്ഞ്..

സാർ സച്ചിനെ കെട്ടി പിടിച്ചില്ല എന്നെ ഒള്ളു!!

സച്ചിൻ്റെ തോളിൽ തട്ടി..

"നന്നായി മോനേ.. നിനക്ക് എങ്കിലും കുറച്ച് വിവരം ഉണ്ടല്ലോ!!" 

പാലായുടെ സ്വന്തം മുത്ത് സച്ചിന് മാണി സാറിൻ്റെ വകുപ്പ് അറിയില്ലെങ്കിൽ ആണ് അടി കിട്ടേണ്ടത്..

അങ്ങനെ വിജയശ്രീലാളിതനായി സച്ചിൻ നിന്നപ്പോ സാർ ഞങ്ങളോട് പറഞ്ഞു..

"ഒരു കാര്യം ചെയ്യ്.. നമ്പറും അഡ്രസ്സും എഴുതി കൊടുത്ത് വേഗം ചെല്ല്!! എൻജിനീയർ ആവാൻ പഠിച്ചിട്ട് ഇത്ര വിവരം ഇല്ലാതെ ആയല്ലോ!!"


എന്നിട്ട് സച്ചിനോട്.. "സൂക്ഷിച്ച് പോണെ മോനേ.."


അങ്ങനെ നമ്പർ ഒകെ കൊടുത്ത് വണ്ടി എടുക്കാൻ പോയപ്പോ ഒറ്റ പ്രാർത്ഥന ഉണ്ടായുള്ളൂ..

ഒറ്റ അടിക്കു വണ്ടി സ്റ്റാർട്ട് ആവണം..

ട്രിപ്പിൾ ഇട്ടെന് മാമൻ വീണ്ടും GK ആയിട്ട് വരരുത്..

പോലീസ് വണ്ടി പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വണ്ടി എടുക്കാം എന്ന് ഗോകുൽ പറഞ്ഞപ്പോ അവന് ഇത്രേം ബുദ്ധി ഉള്ള കാര്യം പെട്ടെന്ന് ഓർമ വന്നു..

അങ്ങനെ പോലീസ് ജീപ്പ് പോയി എന്ന് ഉറപ്പ് വരുത്തി വണ്ടി സ്റ്റാർട്ട് ആകാൻ ആദ്യത്തെ ശ്രമം മാണി സാറിനെ മനസ്സിൽ ധ്യാനിച്ച്..

ഹാവൂ.. ഐശ്വര്യത്തിൻ്റെ സൈറൺ..

വണ്ടി സ്റ്റാർട്ട് ആയി..

എങ്ങനെ ഒക്കെയോ പെട്ടെന്ന് റൂം എത്തി കിടക്കാൻ നേരം ആണ് മാണി സാറിനെ കാര്യം വീണ്ടും ഓർമ്മ വന്നത്..


വെറുതെ ഗൂഗിൾ എടുത്ത് ഒന്ന് നോക്കി..

Kerala Finance minister


ആദ്യം വന്ന വാർത്ത കണ്ട് ഞാൻ ഞെട്ടി..


Kerala Finance Minister K.M. Mani resigns

ഒരാഴ്ച മുന്നത്തേ വാർത്തയാണ്!!

പിന്നെ എന്തിനാണ് ആ പോലീസുകാരൻ ഞങ്ങളെ വെറുതെ വിട്ടത്..

ആരാണ് അയാൾ?

അയാള് ഇത് അറിഞ്ഞില്ലേ??

സൂര്യ പ്രഭയോടെ ചിരിച്ച് കൊണ്ട് അഭിമാനത്തോടെ ഉറങ്ങുന്ന സച്ചിനോടു ഞാൻ എന്ത് പറയും??

ആ വാർത്ത അവൻ ഒരിക്കലും കാണരുത് എന്ന പ്രാർഥനയോടെ ഞാൻ കിടന്നു..

അപ്പോഴും ആ ചോദ്യം എന്നെ വിട്ടു പോയില്ല!!


"ആ പോലീസ് ഇത് അറിഞ്ഞിട്ട് ആണോ?? അതോ???"


കാലം കടന്നു പോയി.. ഗോകുൽ ഇപ്പൊ സംഘി അല്ല.. സച്ചിൻ കേരള കോൺഗ്രസ്സും അല്ല.. മാണി സാർ നമ്മളെ വിട്ടു പോയി.. 

OMR കഥകളിൽ ഇപ്പഴും ഈ കഥ ഉയർന്നു വരും.. സച്ചിൻ ഇന്നും അഭിമാനത്തോടെ പറയും "ഞാനും മാണി സാറും കാരണം ആണ് ഇവരൊക്കെ അന്ന് രക്ഷപെട്ടത്" എന്ന്!!

പാവം!! മാണി സാറിൻ്റെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടോ എന്തോ!! 

 - പ്രകാശം പരക്കട്ടെ!



No comments:

Post a Comment