Tuesday, June 2, 2026

നാം ഒരേ സൂര്യന്റെ താഴെ ജീവിക്കുന്നത് എത്ര മനോഹരമാണ്

 



"നമ്മക്ക് നടക്കാൻ പോവണ്ടേ ഉണ്ണി" കോവിഡ് അടുപ്പിച്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകളിൽ ഇന്നും എന്നെ കുത്തിനോവിക്കുന്ന വാക്കുകൾ.

കുത്തിനോവിക്കുന്നത് സംഭവിച്ചല്ലോ എന്നുള്ള അവസ്ഥയെക്കാൾ സംഭവിച്ചു തീർന്നല്ലോ എന്നുള്ള യാഥാർഥ്യമാണ്.


ഇന്നും ഓർമ്മയിൽ നോവോടെ നിൽക്കുന്ന കാഴ്ചയുണ്ട് ..


ചെറിയ ചുമലിൽ വലിയ ബാഗും വെച്ച് സ്കൂൾ മുറ്റത്തേക്ക് നടന്നു നീങ്ങുന്ന എന്റെ Gerrard.

ഒരു പൊടി കണ്ണീർ അവിടെ വീണിട്ടുണ്ട്.

ഡാഡി ഉള്ളപ്പോ ഡാഡി ഓടിച്ചു നടന്ന ആ മാരുതി ആൾട്ടോ ഇൽ ഇരുന്ന് അവനെ നോക്കി ഇരുന്നപ്പോ പണ്ടെങ്ങോ ഡാഡി കൂട്ടാൻ വന്ന ഓർമകളും കൂടെ ആവാം 

എന്റെ കഴിഞ്ഞ ബാല്യത്തെ ഓർത്തുള്ള വിങ്ങലും ബാല്യം വിട്ടു പോവുന്ന ജർറാർഡിന്റെ നടത്തം.


ഇന്ന് Aftersun കണ്ടിരുന്നപ്പോ എന്റെ മനസ്സിൽ മുഴുവൻ ജർറാർഡ്‌ തന്നെ ആയിരുന്നു.

അവനിലൂടെ എന്നെ തന്നെ ഞാൻ കണ്ട ദിവസങ്ങളായിരുന്നു 


അവനിലൂടെ വീണ്ടും ബാല്യം എന്നിൽ നിന്നും അകന്നു പോവുന്നത് കണ്ട വേദന 


നമ്മൾ എപ്പഴാണ് അച്ഛനമ്മമാരെ ഓർത്തു സങ്കടപ്പെട്ടത്?

അവർ ഇല്ലാതായപ്പോഴാണോ?


അതോ അവർ ഇല്ലെന്ന യാഥാർഥ്യത്തെ ഇങ്ങനെ സിനിമകളിലൂടെ കാണുമ്പോഴാണോ?


എന്നെ ഞാൻ തിരിച്ചറിഞ്ഞ കാലം ജർറാർഡിലൂടെ മാത്രമാണ് 


എന്നെ ഞാൻ മിസ് ചെയ്യുന്നതും അവനെ കാണുമ്പോഴാണ്


"നാം ഒരേ സൂര്യന്റെ താഴെ ജീവിക്കുന്നത്" യാഥാർഥ്യമല്ല ഭാഗ്യമാണ് എന്നുള്ള ഓർമ്മപ്പെടുത്തൽ.


നമ്മളിലൂടെ ജീവിച്ചു  അവരുടെ ജീവിതം മറന്ന അച്ഛനും അമ്മയും ഒടുവിൽ നമ്മളില്ലാതെ എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?


ഒരുപാട് ചിന്തകൾ.. വാക്കുകളിൽ കുറിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റങ്ങൾ..


എങ്ങനെ ആവും അവർ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നത്??


ജർറാർഡ്‌ അറിയുന്നുണ്ടോ ഞാൻ അവനെ കുറിച്ചുള്ള ഓർമകളിൽ ഇന്നും ജീവിക്കുന്നത്?

അവന്റെ ചിത്രങ്ങൾ ഓർമകളായി വരുമ്പോ അറിയാതെ ഒരു തുള്ളി കണ്ണീർ പൊഴിക്കുന്നത്.


ഒരുപക്ഷെ നമ്മളും ഇങ്ങനെ അല്ലെ?

നമ്മുടെ ഓർമകളിൽ എപ്പഴാണ് സ്വാർത്ഥമല്ലാത്ത കടംവീട്ടൽ അല്ലാത്ത അച്ഛന്റെയ്ൻ അമ്മയുടെയും ഓർമ്മകൾ കടന്ന് വന്നത്?


Friday, February 24, 2023

OMR കഥകൾ - രണ്ടാം ഭാഗം!!


"മാണി സാർ ധാരാവിയുടെ ഐശ്വര്യം!! "


ധാരവിയിലെ മറ്റൊരു വിരസമായ രാത്രിയിലാണ് സച്ചിൻ്റെ വിളി വരുന്നത്!!

"ഞാനും ജിയോയും അങ്ങോട്ട് വരാം"


ഒടിഞ്ഞ കട്ടിലിൽ രാജാവിനെ പോലെ കിടക്കുന്ന ഞാൻ അഭിഷേകിനെ നോക്കി..

ഇന്ന് ആരെയും പറ്റി "നല്ലത്" പറയാൻ ഇല്ലാത്തത് കൊണ്ട് നേരത്തെ ഉറങ്ങി എന്ന് മനസ്സിലാക്കി മുകളിലോട്ട് പോവാൻ തീരുമാനിച്ചു..

സമയം രാത്രി 11 കഴിഞ്ഞു..

ജെവിൻ അർദ്ധനഗ്നൻ ആണ്.. ഉറക്കത്തിലും.. എത് കൊടും തണുപ്പിലും കുഞ്ഞി ബോക്‌സർ വിട്ടൊരു കളിയില്ല!!റൂമിലെ ലൈറ്റ് കെടണോ വേണ്ടയോ എന്ന ധർമസങ്കടതിൽ ആണ്.. ഒടിഞ്ഞ കഴുത്തുള്ള ലാപ്ടോപ് അരികിൽ അവസാന ശ്വാസം വലിച്ചൊണ്ട് കിടപ്പുണ്ട്.. മഞ്ഞ പച്ച.. പച്ച മഞ്ഞ.. 


ഇനി മുകളിലോട്ട്..

ജോസ് ഏതോ കൊറിയൻ സീരീസ് കണ്ട് കിടപ്പുണ്ട്.. പുറത്ത് പോവാൻ വിളിച്ചാലും വരില്ല.. മനു നൻപകൽ മയക്കത്തിൽ ആണ്.. അവൻ എണീക്കുന്ന സമയം ആയിട്ടില്ല.. ഒരു 3 ഒകെ ആവും..

ഗോകുൽ വാതിൽ അടച്ച് ഒറ്റക്ക് റൂമിലെ എന്തോ പണിയിൽ ആണ്.. ഒറ്റക്ക് പഠിച്ചൊണ്ട് ഇരിക്കായിരിക്കും..


വാതിലിൽ തള്ളി നോക്കാം എന്ന് കരുതി മുന്നോട്ട് നടന്നപ്പോൾ പെട്ടെന്ന് താഴെ ബൈക് വന്നു നിന്നു..

ബൈക്കിൻ്റെ ശബ്ദം കേട്ട് ഞാൻ ബാൽക്കണി ഡോർ തുറന്ന്.. അത് കേട്ട് ഗോകുൽ അവൻ്റെം..


വാതിൽ പൂട്ടുന്ന ശീലം ഇല്ലാത്തത് കൊണ്ട് അവന്മാർ വണ്ടി വെച്ചിട്ട് അകത്ത് കേറി..


"ഭയങ്കര ബോറടി.." സച്ചിൻ അലറി..

ഞാൻ വീണ്ടും സമയം നോക്കി..

11.45..

ബോറടിക്കാൻ പറ്റിയ സമയം..

സച്ചിൻ വിളിച്ചോണ്ട് വന്നതാണ് ഇല്ലെങ്കി ഞാൻ കിടന്നു ഉറങ്ങി കാണും എന്ന ഭാവത്തിലാണ് ജിയോ..

വന്ന വഴി റൂമിലെ കേറി ഒടിഞ്ഞ സിംഹാസനത്തിൽ അവൻ കിടന്നു..

ഏത് തൊഴുത്തിൽ കൊണ്ട് ഇട്ടാലും പോത്ത് പോലെ ഉറങ്ങാനുള്ള അവൻ്റെ കഴിവ് കണ്ട് വീണ്ടും ഞങ്ങൾ ഞെട്ടി..


പതിവ് പോലെ ഏതോ ഒരു പെണ്ണിൻ്റെ കാര്യം പറഞ്ഞ് സച്ചിൻ തുടങ്ങി..

പിന്നെ വേറെ.. അത് കഴിഞ്ഞ് വേറെ..

അങ്ങനെ അങ്ങനെ..

ക്ലോക്ക് വീണ്ടും നോക്കി..

12 കഴിഞ്ഞ് അര മണിക്കൂർ പിന്നെ ഒരു 10 മിനുട്ട്..

"ബാ.. ചായ കുടിക്കാം"

ഉറച്ച ശബദത്തിൽ ഗോകുൽ..

"മൂന്ന് ആൾ പോയ മൂഞ്ചും എന്നല്ലേ?? "

മൂഞ്ചിയ ശബ്ദത്തിൽ സച്ചിൻ..

"ത്രിപിൾ ഒകെ പോണോ??"

എന്തോ ശബ്ദത്തിൽ ഞാൻ..

"ഇറങ്ങി വാടോ.. താൻ എന്തൊരു ബോർ ആണ്.."

ഗോകുൽ അപമാനിച്ചു..

പിന്നെ ഒന്നും നോക്കിയില്ല..

ഞാൻ ആദ്യം ഇറങ്ങി..

പിന്നാലെ സച്ചിനും!!


സാധാരണ പോവാറുള്ള ടോൾ ചായകട വരെ പോവാനുള്ള ധൈര്യം എനിക്ക് ഇല്ലാത്തത് കൊണ്ട് ഭാരത് മാത അടുത്തുള്ള വില കൂടിയ 24/7 ചായ കുടിക്കാം എന്നായി തീരുമാനം!!

വണ്ടി ഗോകുൽ എടുക്കണം!!

വണ്ടി ആണ് വണ്ടി.

FZ ആണെന്നാണ് ഇവർ പറയുന്നത്.. കമ്പനി സമ്മതിച്ചു തരും എന്ന് തോന്നുന്നില്ല..

സ്റ്റാർട്ട് ആവാൻ വല്യ പാടാ..സ്റ്റാർട്ട് ആയാൽ പിന്നെ നിക്കേം ഇല്ല.. ഹോൺ വല്ലപ്പോഴും ആണ് വർക് ആവണത്.. ആയാലോ.. പിന്നെ നിർത്താൻ കേബിൾ വലിച്ച് ഊരണം!!

എന്തോ ഭാഗ്യത്തിന് ആദ്യത്തെ കിക്കിൽ വണ്ടി സ്റ്റാർട്ട് ആയി!!

"പ്രതികാരം ഇന്ന് തന്നെ ചെയ്യാം" സച്ചിൻ്റെ വക സിക്‌സർ!! 


വണ്ടി എടുത്ത് അങ്ങനെ പോയി 24/7 ലെ വിലകൂടിയ ചായ ഒകെ കുടിച്ച് ഇറങ്ങി..

പൈസക്കാരൻ ആണെങ്കിലും എച്ചി ആയ ഗോകുൽ ആണോ പൈസ കൊടുത്തത് എന്ന് ഓർമ ഇല്ല.. ആരോ കൊടുത്തു.. അതോണ്ട് ഇറങ്ങി വന്നു!!

വല്യ വല്യ ചർച്ചകൾ നടന്ന സ്ഥലം ആണ് ഈ 24/7 ചായകട.. 

ഷോർട്ട് ഫിലിം ചർച്ച..

പ്രണയം പൊട്ടി പോയ ചർച്ച..

കോളജിലെ അവസാന ദിവസ ചർച്ച..

അങ്ങനെ അങ്ങനെ..

ഈ അടുത്ത് അവിടെ പോയപ്പോ ചായകട അടച്ച് പൂട്ടിയത് കണ്ട് ചങ്ക് തകർന്നത് വെറുതെ ഇവിടെ കിടന്നോട്ടെ.. വെറും ദുരന്തം!!


അങ്ങനെ പുറത്ത് ഇറങ്ങി തിരിച്ച റൂമിലേക്ക് പോവുമ്പോ ഇടയ്ക്ക് വെച്ച് സച്ചിന് atm കേറി പൈസ എടുക്കണം എന്നൊരു നിർബന്ധം..

സ്വന്തം കോളജിൻ്റെ മുന്നിൽ നല്ല ac ഒകെ ഉള്ള atm ഉണ്ട്.. അതൊന്നും പറ്റില്ല..

ഇവിടത്തെ തന്നെ വേണം!!

എന്തെങ്കിലും ആവട്ടെ..

പാതിരാ ഭ്രാന്തിനെ ചോദ്യം ചെയ്യാൻ പാടില്ല എന്ന വാക്കിൻ്റെ പുറത്ത് വണ്ടി വീണ്ടും തിരിച്ച് atm ലക്ഷ്യമാക്കി പാഞ്ഞു.. ഒരു 25-30km/hr സ്പീഡിൽ..


Atm ഇൻ്റെ മുന്നിൽ എത്തിയതും വണ്ടി തനിയെ ഓഫ് ആയി.. പുതിയ ടെക്നളജി ആണ്.. Musk അണ്ണൻ ഒന്നും അന്ന് ഇത് ആലോചിച്ചിട്ട് കൂടി കാണില്ല.. ശാസ്ത്രത്തിൻ്റെ ഓരോ വളർച്ച..


വണ്ടി എങ്ങനെ ഓഫ് ആയി എന്ന് നോക്കി ഗോകുൽ വണ്ടിയുടെ അടുത്ത്..

Ac ഉണ്ടാവും എന്ന് കരുതി സച്ചിൻ്റെ കൂടെ atm ലേക്ക് ഓടി കയറി തേഞ്ഞ ഞാൻ പയ്യെ പുറത്ത് ഇറങ്ങി നിന്നു.. സച്ചിൻ അകത്ത് കോടികണക്കിന് രൂപ വലിചൊണ്ട് ഇരിക്കുന്നു.. കനം കൂടിയത് കൊണ്ടാണോ അറിയില്ല.. പൈസ വരാം വൈകി..

ഞാൻ ഇടയ്ക്ക് അകത്തോട്ടു നോക്കും.. പിന്നെ തിരിഞ്ഞ് പുറത്തോട്ടും..

അങ്ങനെ ഒരു 10-15 മിനിറ്റ് ആയികാണും..


പെട്ടെന്ന് ഒരു 50m അകലെ ഒരു ദിവ്യ വെളിച്ചം..

അത് ഇങ്ങനെ നീല.. ചോപ്പ.. ചോപ്പ... നീല.. മാറി മാറി കത്തുന്നു..

ഓരോ നിമിഷം കഴിയും തോറും വെളിച്ചം അടുതോട്ട് വരുന്നുണ്ട്..

വന്ന് വന്ന് ദിവ്യ വെളിച്ചം എൻ്റെ മുന്നിൽ വന്നു നിന്നു..


വെളിച്ചത്തിൽ കണ്ണ് മഞ്ഞളിച്ച എൻ്റെ മുന്നിൽ കാക്കി ഉടുപ്പിട്ട ഒരു മാലാഖ..

"പാതിരക്ക് ഇവിടെ എന്താടാ പണി??"

മാലാഖയുടെ ശബ്ദം ഞാൻ വിചാരിച്ചത് പോലെ അല്ലല്ലോ!!

നല്ല കനം!!

ദിവ്യ വെളിച്ചം നിന്നതും.. സച്ചിൻ ഇറങ്ങി വന്നതും ഒരുമിച്ച് ആയിരുന്നു..

"എന്നാ സാറേ.. എന്ത് പറ്റി?? "

മാലഖയെ സച്ചിൻ സാറേ എന്ന് വിളിച്ചപ്പോ ആണ് പോലീസിൻ്റെ യൂണിഫോം തെളിഞ്ഞത്..


"അത് ശരി.. നീ ഞങ്ങളെ ചോദ്യം ചെയ്യാൻ വന്നതാണോട?"

ഉത്തരം പറയുന്നതിന് പകരം ചോദ്യം ചോദിച്ച സാറിൻ്റെ ഔചിത്യ ബോധം എത്ര ലജ്ജാകരം!!

പെട്ടെന്നാണ് വണ്ടി സ്റ്റാർട്ട് ആകികൊണ്ടിരുന്ന ഗോകുലിൻ്റെ അടുത്തുന്ന് ആ ശബ്ദം വന്നത്!!

"ഡ്ർറ്...."

"വണ്ടി സ്റ്റാർട്ട് ആയല്ലോ!!"

"ഓഹോ.. നിങ്ങൾ മൂന്നാളും കൂടി ആണല്ലേ?? ഇവിടെ വാടാ.."

ഗോകുലും പെട്ട്..


"എന്താടാ പാതിരക്ക് ഒരു ചുറ്റികളി??

എന്തിനാട നീ atm ന് കാവൽ നിക്കണത്??

വേറെ ഒരുത്തൻ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി ബൈക് സ്റ്റാർട്ട് ചെയ്ത് നിക്കുന്നോ?"


മനസ്സിൽ തീ പടർന്ന്.. പോലീസ് ആയൊണ്ട് ആണോ അറിയില്ല..

പറഞ്ഞത് എല്ലാം കറക്റ്റ് ആണ്..

ഒരു മാതിരി കള്ളന്മാരെ പോലെ തന്നെ ആയിരുന്നു എല്ലാം..

ഇത്രേം അടിപൊളി ആയിട്ട് കള്ളന്മാർ പോലും പ്ലാൻ ചെയ്യില്ല!!

ഒരുത്തൻ atm കുത്തി തുറക്കുന്നു.. ഒരുത്തൻ ആരെങ്കിലും വരുന്നോ എന്ന് നോക്കി പുറത്ത്.. വേറെ ഒരുത്തൻ എല്ലാം കഴിഞ്ഞ് ഇറങ്ങി ഓടാൻ വണ്ടി റെഡി ആക്കി വെയ്റ്റിംഗ്..

വാവ്!! വാട്ട് എ പ്ലാൻ!!!!


തീ കുറച്ച് കൂടി ആളി കത്തി തുടങ്ങി..

സച്ചിൻ്റെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി തിരിഞ്ഞത്..

"എൻ്റെ പൊന്നു സാറേ.. ചായ കുടിക്കാൻ ഇറങ്ങിയ ആണ് സാറേ.. ഞങൾ മോഡലിൽ ആണ് പഠിക്കണെ.. എൻ്റെ പേര് സച്ചിൻ.. ഇവൻ ശരത്.. അവൻ ഗോകുൽ.. പൈസ എടുക്കാൻ വന്നതാ സാറേ.. " ഇനി അഡ്രസ്സ് കൂടി പറയാൻ ബാക്കി ഒള്ളു!!


"പാതിരാത്രി ആണോടാ ചായ?? " - സാർ അലറി!! അങ്ങനെ ചോദിക്കാൻ പാടില്ലാർന്ന്..

"ഈ പാതിരാക്ക് പൈസ എന്തിനാടാ?? " - വീണ്ടും ചോദ്യം.. ഈ പ്രാവശ്യം പക്ഷേ നല്ല ചോദ്യം!! സച്ചിൻ ഉത്തരം പറയട്ടെ.. ഞങൾ അവനെ നോക്കി.. അവൻ ഞങ്ങളെയും..


"ഈ വഴി വന്നപ്പോ കേറിയതാ സാറേ.. നാളെ രാവിലെ എക്സാം ഫീസ് കൊടക്കണം!! അതോണ്ട് എടുത്തതാണ് സാറേ!!"


"ഏത് എക്സാം?? ഏത് ഫീസ്??" ഞാനും ഗോകുലും പരസ്പരം നോക്കി.. നുണ പറയുമ്പോ പ്ലാൻ ചെയ്ത് പറയണം എന്ന് ഇവനോട് പണ്ടേ പറഞ്ഞിട്ടുണ്ട്!! ശവം!!

ഇനി അത് വല്ലോം ചോദിച്ച് വന്നാ ഓരോ ഉത്തരം കൂടി പറഞ്ഞ പൂർത്തി ആയി..


പോലീസ് മാമൻ പക്ഷേ സച്ചിൻ്റെ എക്സാം മാത്രം ആണ് ശ്രദ്ധിച്ചത്..


"അത് ശരി.. പഠിക്കണ പിള്ളേർ അല്ലേ..

എന്നാ ഒരു കാര്യം ചെയ്യാം..

ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ ഉത്തരങ്ങൾ പറഞ്ഞ പോക്കോ.."


പശ്റ്റ്!! ഇനി അതിൻ്റെ ഒരു കൊറവെ ഒള്ളു... ഞാൻ കീഴടങ്ങാൻ തീരുമാനിച്ചു..

ഗോകുലിൻ്റെ മുഖത്തേക്ക് നോക്കി.. ഭയങ്കര സന്തോഷം.. പഠിപ്പി മൈ*** ..

സച്ചിൻ കുസൃതി ചോദ്യം വല്ലോം ആണെന്ന് കരുതി ചിരിച്ച് നിപ്പുണ്ട്..

"അറിയണ ഉത്തരം ആണെങ്കി പറയാം സാറേ" വിനയ കുലീനൻ ആയി ഞാൻ പറഞ്ഞു..

"ചോദിക്ക് സാറേ.." ഗോകുൽ ആവേശം മൂത്ത് കേറി..


"കേരളത്തിൻ്റെ ആഭ്യന്തര മന്ത്രി ആരാണ്??" 

കോൺഗ്രസ്സ് കേരളം ഭരിക്കുന്ന സമയം ആണ്.. എ ഗ്രൂപ്പും ഐ ഗ്രൂപ്പും മന്ത്രി സ്ഥാനം മാറി മാറി കളിക്കണ കാലം..


ഏതോ സമരത്തിൻ്റെ ഓർമ വെച്ച് രമേഷ് ചെനനിത്തല എന്ന് പറയാൻ ഞാൻ തീരുമാനിച്ചു..

സച്ചിൻ കുസൃതി ചോദ്യങ്ങൾ വരാത്ത സങ്കടത്തിൽ ആണ്..

ഉത്തരം പറയാൻ ഞാൻ ഇങ്ങനെ നിക്കുമ്പോ ദേ വരുന്നു..

"രാജ്നാഥ് സിങ്" നമ്മളോട് ആണ് കളി എന്നും പറഞ്ഞ് ഒരുത്തൻ!!

പണ്ടേ സംഘി സംഘി വിളി ഉള്ളത് അന്വർഥമാക്കി ഗോകുൽ വിളിച്ച് കൂവി..

ഉത്തരം പറഞ്ഞുള്ള അവൻ്റെ മോന്ത ഒന്ന് കാണണം!! "മോഡിജി ഉള്ളൊണ്ട് നീ ഒകെ രക്ഷപെട്ടു" എന്നും പറഞ്ഞുള്ള ആ നിപ്പും!!

പോലീസ് മാമൻ വേറെ പാർട്ടി ആയിട്ടും തല്ലാതെ വിട്ടത് നന്നായി!!

"ഇതാണോടാ കോളജ് പഠിക്കാൻ വിട്ട പിള്ളേരുടെ വിവരം??"

എന്ത് പറ്റി എന്ന് അറിയാതെ ഗോകുൽ ഇങ്ങനെ നിക്കാണ്..

സച്ചിൻ അപ്പഴും കുസൃതി ചോദ്യം നോക്കി ഇങ്ങനെ..

"സാറേ.. രമേശ് ചെന്നിത്തല അല്ലേ.." ഞാൻ പറഞ്ഞ് നോക്കി..

"പറ്റില്ല പറ്റില്ല.. തെറ്റി പറഞ്ഞ്.. നീ ഒകെ എന്താടാ പഠിക്കണെ??" സാർ കൈ മലർത്തി..

" സാറേ ഒരു ചാൻസ് കൂടി.. " ഗോകുൽ ഭൂമിയിൽ എത്തി പെട്ടെന്ന്! പൊട്ടന് ഇപ്പഴാണ് മനസ്സിലായത്!! 

"ഇത് തെറ്റിച്ച എന്ത് ചെയ്യണം??" സാർ terms and conditions പറഞ്ഞ് തുടങ്ങി..

"ഇത് തെറ്റില്ല സാറേ.. ഒറപ്പ്!! " ഗോകുൽ വീണ്ടും..

ഡേയ്.. ഡേയ്.. നിനക്ക് വേറെ വല്ല വഴി ചോദിച്ചൂടെ എന്ന് സച്ചിൻ്റെ മോകത് ഉണ്ട്..

ഞാൻ എല്ലാ ആശകളും കൈ വെടിഞ്ഞ് കൈ നീട്ടാനുള്ള ഒരുക്കത്തിൽ ആയിരുന്നു..

"ശരി.. എന്നാ കേരളത്തിൻ്റെ ധനമന്ത്രി ആരാണ്??"

പൊട്ടന് എന്തെങ്കിലും പറയാതിരിക്കാൻ ഞാൻ അവൻ്റെ മുന്നിൽ കേറി നിന്നു!! ഉത്തരം പറഞ്ഞില്ലെ്കിലും സംഘി ആണെന് മനസ്സിലാക്കി കൊടുക്കൽ വേണ്ട എന്നെ ഉണ്ടായിരുന്നുള്ളൂ!!

പെട്ടെന്നാണ് ആ ശബ്ദം ഞാൻ കേട്ടത്..


"സാർ.. നമ്മടെ മാണി സാർ!!! " സച്ചിൻ്റെ കണ്ണുകൾ വികസിച്ച്.. ഞാടി ഞെരമ്പുകളിൽ രക്ത പ്രവാഹം കനത്തു.. പാതിരാത്രി സച്ചിൻ്റെ മുഖത്ത് സൂര്യൻ ഉദിച്ചു..


പോലീസ് മാമൻ ഞെട്ടി.. ആ ചെറിയ ശരീരത്തിൽ നിന്നും വന്ന വലിയ ഉത്തരം കേട്ട് സാർ ദൃതങ്കപുളകിതനായി!!

സാർ ഫ്ലാറ്റ്..

"പഴേ കേരള കോൺഗ്രസ് ആണെന്ന് തോന്നുന്നു.." ഗോകുലിനോട് ഞാൻ പതുകെ പറഞ്ഞ്..

സാർ സച്ചിനെ കെട്ടി പിടിച്ചില്ല എന്നെ ഒള്ളു!!

സച്ചിൻ്റെ തോളിൽ തട്ടി..

"നന്നായി മോനേ.. നിനക്ക് എങ്കിലും കുറച്ച് വിവരം ഉണ്ടല്ലോ!!" 

പാലായുടെ സ്വന്തം മുത്ത് സച്ചിന് മാണി സാറിൻ്റെ വകുപ്പ് അറിയില്ലെങ്കിൽ ആണ് അടി കിട്ടേണ്ടത്..

അങ്ങനെ വിജയശ്രീലാളിതനായി സച്ചിൻ നിന്നപ്പോ സാർ ഞങ്ങളോട് പറഞ്ഞു..

"ഒരു കാര്യം ചെയ്യ്.. നമ്പറും അഡ്രസ്സും എഴുതി കൊടുത്ത് വേഗം ചെല്ല്!! എൻജിനീയർ ആവാൻ പഠിച്ചിട്ട് ഇത്ര വിവരം ഇല്ലാതെ ആയല്ലോ!!"


എന്നിട്ട് സച്ചിനോട്.. "സൂക്ഷിച്ച് പോണെ മോനേ.."


അങ്ങനെ നമ്പർ ഒകെ കൊടുത്ത് വണ്ടി എടുക്കാൻ പോയപ്പോ ഒറ്റ പ്രാർത്ഥന ഉണ്ടായുള്ളൂ..

ഒറ്റ അടിക്കു വണ്ടി സ്റ്റാർട്ട് ആവണം..

ട്രിപ്പിൾ ഇട്ടെന് മാമൻ വീണ്ടും GK ആയിട്ട് വരരുത്..

പോലീസ് വണ്ടി പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വണ്ടി എടുക്കാം എന്ന് ഗോകുൽ പറഞ്ഞപ്പോ അവന് ഇത്രേം ബുദ്ധി ഉള്ള കാര്യം പെട്ടെന്ന് ഓർമ വന്നു..

അങ്ങനെ പോലീസ് ജീപ്പ് പോയി എന്ന് ഉറപ്പ് വരുത്തി വണ്ടി സ്റ്റാർട്ട് ആകാൻ ആദ്യത്തെ ശ്രമം മാണി സാറിനെ മനസ്സിൽ ധ്യാനിച്ച്..

ഹാവൂ.. ഐശ്വര്യത്തിൻ്റെ സൈറൺ..

വണ്ടി സ്റ്റാർട്ട് ആയി..

എങ്ങനെ ഒക്കെയോ പെട്ടെന്ന് റൂം എത്തി കിടക്കാൻ നേരം ആണ് മാണി സാറിനെ കാര്യം വീണ്ടും ഓർമ്മ വന്നത്..


വെറുതെ ഗൂഗിൾ എടുത്ത് ഒന്ന് നോക്കി..

Kerala Finance minister


ആദ്യം വന്ന വാർത്ത കണ്ട് ഞാൻ ഞെട്ടി..


Kerala Finance Minister K.M. Mani resigns

ഒരാഴ്ച മുന്നത്തേ വാർത്തയാണ്!!

പിന്നെ എന്തിനാണ് ആ പോലീസുകാരൻ ഞങ്ങളെ വെറുതെ വിട്ടത്..

ആരാണ് അയാൾ?

അയാള് ഇത് അറിഞ്ഞില്ലേ??

സൂര്യ പ്രഭയോടെ ചിരിച്ച് കൊണ്ട് അഭിമാനത്തോടെ ഉറങ്ങുന്ന സച്ചിനോടു ഞാൻ എന്ത് പറയും??

ആ വാർത്ത അവൻ ഒരിക്കലും കാണരുത് എന്ന പ്രാർഥനയോടെ ഞാൻ കിടന്നു..

അപ്പോഴും ആ ചോദ്യം എന്നെ വിട്ടു പോയില്ല!!


"ആ പോലീസ് ഇത് അറിഞ്ഞിട്ട് ആണോ?? അതോ???"


കാലം കടന്നു പോയി.. ഗോകുൽ ഇപ്പൊ സംഘി അല്ല.. സച്ചിൻ കേരള കോൺഗ്രസ്സും അല്ല.. മാണി സാർ നമ്മളെ വിട്ടു പോയി.. 

OMR കഥകളിൽ ഇപ്പഴും ഈ കഥ ഉയർന്നു വരും.. സച്ചിൻ ഇന്നും അഭിമാനത്തോടെ പറയും "ഞാനും മാണി സാറും കാരണം ആണ് ഇവരൊക്കെ അന്ന് രക്ഷപെട്ടത്" എന്ന്!!

പാവം!! മാണി സാറിൻ്റെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടോ എന്തോ!! 

 - പ്രകാശം പരക്കട്ടെ!



Wednesday, January 12, 2022

"വാക്കുകൾ സംഗീതമാവുന്ന കാലം വരുന്നുണ്ട്.."


 "വാക്കുകൾ സംഗീതമാവുന്ന കാലം വരുന്നുണ്ട്..

പറയാൻ മറന്ന കഥകൾ കൊണ്ട് തൂലികയിൽ ചോര കിനിയുന്നുണ്ട്..

പ്രണയിക്കാൻ മറന്ന വസന്തവും.. വിരഹത്തെ അറിയാത്ത വേനലും, ഋതുക്കൾക്കിടയിൽ തലകുനിച്ചിരിപ്പാണ്..

ഇനിയെന്നൊരു യാത്ര പോവും? ചുകന്ന, കറ പുരളാത്ത ദിനങ്ങളെ കാക്കാതെ ഇനിയെന്നൊരു യാത്ര പോവും??

കരളുറപ്പില്ലാതെ കരയാനും.. കാതങ്ങൾ ഓർക്കാതെ പായാനും, കാലം ഇനിയുമെത്ര ഉരുളണം??

മനമേ നീ ഉഴലാതെ.. കരളേ നീ കരയാതെ.. 

വാക്കുകൾ സംഗീതമാകുന്ന കാലം വരുന്നുണ്ട്."

Sunday, January 9, 2022

OMR കഥകൾ - 1

**മദ്യപാനം ആരോഗ്യത്തിന് ഹാനികരം "** പ്ഫ്ഫ്ഫ്!!!(ചിരിപ്പിക്കരുത്)


വര്ഷം 2016.. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ട്രെയിൻ കയറും മുന്നേയാണ് ആ ഫോൺ കാൾ വരുന്നത് . 

"അളിയാ.. വരുമ്പോ OMR കൊണ്ട് വരാൻ മറക്കണ്ട "

OMR..
ഒന്നും മറന്നിട്ടില്ല രാമാ..

വര്ഷങ്ങള്ക്കു മുന്നേ ചീറ്റിപോയ മറ്റൊരു ലാലേട്ടൻ ഫാൻ ഷോയുടെ ഞെട്ടിക്കുന്ന ഓർമകൾ മനസ്സിലൂടെ മിന്നൽ പിണറായി കടന്നുപോയി.


"എന്തോന്ന്? ആർടെ OMR ??"


ജീവിതത്തിൽ ഇനി ഒരിക്കലും മറക്കാനോ ജീവിതത്തെ തന്നെ മാറ്റിമറിക്കാനോ പോകുന്ന ഒരു ചോദ്യമായിരിക്കും അതെന്ന് ആ നിമിഷത്തിൽ ഓർത്തിട്ടുണ്ടാവില്ല.

"ഓൾഡ് മോങ്ക് റം " ശബ്ദം ദൃഢമായിരുന്നു.

കാർമ്മൽ സ്കൂളിലെ ചൂരലിനാൽ പേടിപ്പെടുത്തുന്ന പല രൂപങ്ങളോടും കൊടുക്കുന്ന പേടി കലർന്ന ദൃഢത .


"കേരളത്തിൽ കിട്ടില്ലെടാ.. അവിടന്ന് വാങ്ങിക്കൊണ്ട് വാ.."

ഇത്രയും ഫേമസായ OMR നെ പറ്റി അറിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ "മധുലോകയുടെ" പടികൾ ഓരോന്നായി കയറിച്ചെന്നു .


ജൂനിയർ മാൻഡ്രേക്കിനെ ഓർമിപ്പിക്കുന്ന തല... നോക്കുന്നവന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഉറച്ച നോട്ടം...

ആദ്യകാഴ്ചയിൽ തന്നെ ആ രൂപം മനസ്സിനെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.


ഇന്ന് നീണ്ട 5  വര്ഷങ്ങള്ക്ക് ഇപ്പുറം OMR കേരളമണ്ണിൽ സുലഭം.. ബീവറേജസ് കോർപറേഷന്റെ തൊപ്പിയിലെ പൊൻതൂവൽ ..

സുഹൃത്ത് വലയത്തിൽ വിദേശികൾ കൂടിയപ്പോൾ നാട്ടിലേക്കൊഴുകിയ ഭ്രമിപ്പിക്കുന്ന ത്രസിപ്പിക്കുന്ന അപ്സരസുകൾക്കിടയിലും ഈ വയസ്സൻ യോഗി തല കുനിക്കാതെ ഉയർന്നിങ്ങനെ..


അങ്ങനെ ഒരു ദിവസം "മഹാറാണി"യിൽ നിന്നും OMR ന്റെ ബലത്തിൽ വരുണിനൊപ്പം ഇരിക്കുമ്പോഴാണ് ആ ആശയം മനസ്സിലുദിക്കുന്നത്.. (വരുണിനെ പറ്റി പിന്നെ ). OMR നു അങ്ങനെ പല ഗുണഗണങ്ങളും ഉണ്ട് "ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ചിലപ്പോ നമ്മളെ ഇങ്ങനെ ..."


"ഗോവക്ക് വിട്ടാലോ??""

പറയുമ്പോൾ പല കാരണങ്ങൾ കൊണ്ട് overrated ആണെങ്കിലും വെറുതെ ഇരിക്കുമ്പോൾ അങ്ങനെ പല ആഗ്രഹങ്ങഉം ഉണ്ടാവാറുണ്ട്.

ആകെ കയ്യിലുള്ളത് ഒരു Aviator സ്കൂട്ടറാണ്..

OMR തന്ന ധൈര്യം ആണോ എന്നറിയില്ല.. ലവന്റെ ചോദ്യം എനിക്കും നന്നേ ബോധിച്ചു..

അവസാനമായി ഗോവക്ക് പോയത് കോറോണക്ക് തൊട്ടു മുന്നേയാണ്.. എല്ലാം നിമിത്തം.. ദേവിയേ...


"മഹാറാണി"യുടെ കാലുകൾ തൊട്ട് വണങ്ങി Aviator എടുത്ത് പുറത്തിറങ്ങി. വണ്ടിയെടുത്തു 2 മിനുട്ട് കഴിഞ്ഞപ്പോഴാണ് അമളി മനസിലായത്.. മാസ്ക് എടുക്കാൻ മറന്നിരിക്കണു .. ഹായ് ..


OMR ഉം ഒരു പിടി കുരുമുളകും ചേർത്ത് പിടിച്ചാൽ കൊറോണ പമ്പ കടക്കുമെന്ന "ഡോക്ടർ " നീതുലിന്റെ ഉപദേശത്തിന്റെ പുറത്താണോ എന്നറിയില്ല.. മഹാറാണിയിൽ കയറിയപ്പോൾ മുഖത്തു ഉണ്ടായ മാസ്ക് തിരിച്ചിറങ്ങുമ്പോ കാണ്മാനില്ല .


"മാസ്ക് ഇല്ലാതെ എങ്ങനെ ഗോവക്ക് പോവും ???"

ചോദ്യം ചോദിച്ച തിരിയും മുന്നേ അണ്ണൻ മാസ്ക് നീട്ടി..

"എനിക്ക് ഇത് നേരത്തെ അറിയാമായിരുന്നു.. ഇന്നാ പിടിച്ചോ.."

"നന്മയുള്ള ലോകമേ.. കാത്തിരുന്നു കാണുക..." ബാക്ക്ഗ്രൗണ്ടിൽ മ്യൂസിക്.. റോഡിൻറെ ഒരു വശത്തു പിണറായി സഖാവിന്റെ കട്ട്ഔട്ട്.. ഹോ .. വാട് ആൻ അംബിയൻസ്..

"ഗോവ ഈസ് ഓൺ !!!!! "



മനസ്സിൽ ആർപ്പുവിളിച്ചു Aviator മുന്നോട്ട് കുതിച്ചു .. ലോകത്തുള്ള സകലതിനെയും പറ്റി സംസാരിച്ചു സംസാരിച്ചു വണ്ടി ഇങ്ങനെ കണ്ണൂർ ജില്ലയിലേക്ക് നീങ്ങുകയാണ് .. സമയം ഏതാണ്ട് രാത്രീ എട്ടെട്ടര..


മിന്നിമായുന്ന ലൈറ്റുകൾ തെളിച്ച ഒരു വണ്ടിയുടെ മുന്നിലേക്കാണ് വണ്ടിയും സംസാരവും ചെന്ന് നിന്നത്..

കൈ കാണിച്ച കാക്കി കുപ്പായമിട്ട ചങ്ങായിടെ തോളിൽ നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നു..


സിമ്പിൾ ആയി പറഞ്ഞാൽ.. "പോലീസ് പൊക്കി"


"വണ്ടി നിർത്തെടാ!!!! "


ഇടിമുഴക്കം കണക്കുള്ള ശബ്ദത്തിൽ ഏമാന്റെ ആജ്ഞ.. പറയുമ്പോ എല്ലാം പറയണമല്ലോ.. കുറ്റം ഒന്നും ചെയ്തില്ലേലും കാക്കി കണ്ടാൽ നാട്ടുകാർക്ക് ചുമ്മാ പേടിയാണ്.. "സില്ലി പീപ്പിൾ" 

 

OMR എന്ന ധൈര്യം ആണോ എന്നറിയില്ല.. ഉറച്ച ശബ്ദത്തിൽ ഞാൻ മറുപടി പറഞ്ഞു..

"എന്താ സാറേ..."


ഏമാൻ വീണ്ടും എന്നെ അടിമുടി ഒരു നോട്ടം.. പിന്നെ പുറകിലുള്ള മൊതലിനെയും.. 

ഏമാന്റെ മുഖത്തെ വികാരങ്ങൾ സഖാവ് നേരിട്ട് വന്നു ഇട്ട (എന്ന് തോന്നും ഫ്ലക്സ് കണ്ടാൽ ) ഹാലൊജൻ വെളിച്ചത്തിൽ സുവ്യക്തമായിരുന്നു..

"മാസ്ക് എവിടെടാ???"

ഹെൽമെറ്റുള്ളത് കൊണ്ട് കാണാത്തതാവും എന്ന കരുതി നല്ല വൃത്തിക്ക് ഹെൽമെറ്റ് ഊറി മാസ്ക് ഇട്ട എന്റെ മുഖം ഏമാനെ കാണിച്ചു..

നന്മയുള്ള ചങ്ങായിടെ കൂടെയാണല്ലോ വന്നതെന്നുള്ള സന്തോഷത്തിൽ ഞാൻ ധൃതങ്ങപുളകിതനായി..


"എന്നാ പിന്നെ പൊക്കോട്ടെ സാറേ?? "


ഒരു ഭാവവ്യത്യാസവും ഇല്ലതെഹ് ഏമാൻ വീണ്ടും മൊഴിഞ്ഞു..

 "നിന്റെ അല്ലെടാ .. പുറകിലിരിക്കുന്നവന്റെ മാസ്ക് എവിടെയാണെന്ന്???"


സഖാവിന്റെ ഭരണത്തിൽ നല്ല വികസനം ആയതുകൊണ്ടാണോ എന്നറിയില്ല.. വെട്ടിത്തിളങ്ങുന്ന ഹാലൊജൻ ലൈറ്റിന്റെ വെളിച്ചത്തിൽ "നന്മയുള്ള" ചങ്ങായിടെ ഇളിച്ച "മോന്ത" എന്റെ മാസ്ക്ക് ഇട്ട മുഖത്തെ നിർവികാരത കണ്ടിട്ട് ലവൻ ഏമാൻ കേൾക്കാതെ..


"നീയല്ലേ ചങ്ങായീ മാസ്ക് ചോദിച്ചത്"


"എങ്ങോട്ടാടാ മാസ്ക് ഒന്നും ഇടാതെ ഈ നേരത്തു " ഞെട്ടിച്ചു കൊണ്ടുള്ള ആ ചോദ്യത്തിൽ OMR ദൈവങ്ങൾ വരെ കിടുങ്ങി..

 "ഗോ.. " എന്ന് പറഞ്ഞുതുടങ്ങും മുന്നേ ലവന്റെ വായിൽ ആ മാസ്ക് കുത്തിതിരുകണം എന്നുണ്ടാർന്നു .. എന്നിരുന്നാലും എന്റെ മാസ്കിനുള്ളിലെ പച്ച തെറി തിരിച്ചറിഞ്ഞ അവൻ നിർത്തി വീണ്ടും മൊഴിഞ്ഞു..


"സാറേ ഞങ്ങ ആ ധർമടം പാലം കാണാൻ വന്നതാ.."

ശിവനേ .. ഏത് ധർമ്മടം.. ഏത് പാലം...


കൂടുതൽ സൂക്ഷ്മ പരിശോധനക്ക് മുൻപ് ലവന്റെ ബുദ്ധിക്ക് കൂടെ നിൽക്കേണ്ടി വന്നു.. വരുന്ന വഴിക്ക് കാറ്റത് പറന്നു പോയതാ സാറേ .. എന്നൊക്കെ പറഞ്ഞു പുറത്തു പറയാൻ പറ്റാത്ത അത്രേം ഗാന്ധിയെ എണ്ണിക്കൊടുത്ത അവിടന്ന് തലയൂരി..


അങ്ങനെ ഗോവക്ക് പോവാനുള്ള ആത്മധൈര്യവും പെട്രോള് കാശും അവിടെ വെച്ച തന്നെ വസ്സൂലായത്കൊണ്ട് തത്കാലം തിരിച്ച പോയേക്കാം എന്ന കരുതി വണ്ടി തിരിക്കാൻ ഇങ്ങനെ നിക്കുമ്പോ ദേ വരുന്ന അടുത്ത വള്ളി ..


"മാസ്ക് ഇല്ലാതെ എവിടെ പോണേടാ രണ്ടും കൂടെ.." 

ഒടുക്കം അപ്പറത്തെ ജംഗ്ഷനിൽ പോയി മാസ്കും വാങ്ങി ഏതോ പാലം കണ്ട് അതിനു ധർമ്മടം പാലം എന്ന് പേരും കൊടുത്തു കോഴിക്കോട്ടേക്ക് പോവുമ്പഴും അവൻ തന്ന ആ മാസ്ക് മുഖത്തു ഉണ്ടായിരുന്നത് ഞാൻ ഓർത്തില്ല..


അവസാനം പാതിരാക്ക് ഉറക്കത്തിൽ നിന്നും മാസ്ക് കാരണം ശ്വാസം കിട്ടാതെ ഞെട്ടി ഉണർന്ന് നോക്കുമ്പോ ഷെൽഫിന്റെ മേളിൽ ഇരുന്ന് OMR ന്റെ തലയോട്ടി ഇരുന്നു ചിരിക്കുന്നു..

മനസ്സിൽ ഇങ്ങനെ പതുകെ മന്ത്രിച്ചു കിടന്നു "എല്ലാം OMR ന്റെ പവറാ "


Friday, December 17, 2021

മീശപുലി വിപ്ലവം!! രണ്ടാം ഭാഗം!


 " ജേക്കബ് കലിപ്പിൽ ആണ്... " സങ്കടവും അതിനേക്കാൾ പേടിയും കലർന്ന ശബ്ദത്തിലാണ് ജിയോ അത് പറഞ്ഞത് . പറയുമ്പോ ദുൽഖർ സൽമാൻ ആണ് മീശപുലിമല പരിചയപ്പെടുത്തിയത് എങ്കിലും അത് എവിടെയാണ് അവിടെ എങ്ങനെ എത്താം എന്നൊക്കെ പുള്ളികാരനെക്കാൾ റിസർച്ച് നടത്തിയത് ഈ ജേക്കബ് ആയിരിക്കും. സഞ്ചാരി ഗ്രൂപ്പിന്റെ കൂടെയുള്ള ഏതോ ഒരു യാത്രയിൽ ഇതിനെപറ്റി മനസ്സിലാക്കിയ കക്ഷി "നമ്മക്കൊരുമിച്ചു അവിടെ പോവണം " എന്ന്  വാക്കാൽ ധാരണയാക്കിയത് ആണ് ജിയോയുടെ ഉത്കണ്ഠയുടെ കാരണം.

മോശം പറയരുതല്ലോ, ഇമ്മാതിരി ചവറ് കാര്യങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും അടിപിടി ഉണ്ടാക്കുന്ന "സ്റ്റുപ്പിഡ് ബോയ്സ്" ആയിരുന്നു എല്ലാവരും . ഹാ .. അതൊക്കെ ഒരു കാലം !! എന്തായാലും ജേക്കബ് കലിപ്പ് ആയ സ്ഥിതിക്ക് ഞാനും കൂടെ കലിപ്പ് ആയേക്കാം എന്നായി സച്ചിൻ.. അത് അങ്ങനെ ഒരുത്തൻ !

ജേക്കബിനോടുള്ള അഗാധമായ ബന്ധത്തിന്റെ പുറത്തു വരുന്നില്ല എന്ന തീരുമാനത്തിൽ ആയി ജിയോ. റീഫണ്ട് ഇല്ലാത്തത് കൊണ്ടും, ജിമ്മൻ ചേട്ടന് ആകെ വിശ്വാസം ഉള്ള ഒരേ ഒരുത്തൻ ആയത് കൊണ്ടും ജിയോ ഇല്ലാതെ പറ്റില്ല എന്നായി ഞങ്ങൾ. ഇതിനിടയിൽ ജേക്കബിന്റെ ട്രെക്കിങ്ങ് ഷൂസ് എങ്ങനെ ചോദിക്കും എന്നൊരു വലിയ ദുഃഖത്തിൽ വൈശാഖനും. ഓരോരുത്തർക്കും സങ്കടപെടാൻ ഓരോരോ കാരണങ്ങൾ.

എന്തൊക്കെയായാലും പറഞ്ഞു തീർക്കാൻ പറ്റാത്ത സങ്കടങ്ങളും അടിപിടിയും ഒന്നും ഇല്ലല്ലലോ എന്നാക്കിയെടുത്തു അവസാനം. ഒടുവിൽ ലവന്റെ ഒകെ കയ്യും കാലും പിടിച്ചു എല്ലാത്തിനേം കുളിപ്പിച്ച കുട്ടപ്പന്മാരാക്കി വണ്ടി എടുത്ത് മൂന്നാർ ലക്ഷ്യമാക്കി ആ യാത്ര തുടങ്ങി. 

യാത്രയുടെ തുടക്കത്തിൽ രസം കൊല്ലി ആയി ഈ പ്രശ്നങ്ങൾ ഇടക്കിടക്ക് തല പൊക്കിയെങ്കിലും കാഴ്ചകൾ മനോഹരമാകും തോറും സംസാരിക്കുന്ന വിഷയങ്ങളും മാറി തുടങ്ങി. ഈ പ്രകൃതിക്ക് അങ്ങനെ പല കഴിവുകളും ഉണ്ടെന്ന് ചുമ്മാ പറയുന്നതല്ല. നേര്യമംഗലം പാലം കടന്ന് ജിമ്മന്റെ സ്കോർപിയോ മുന്നോട്ട്‌ കുതിച്ചപ്പോൾ മനസ്സിലും കണ്മുന്നിലും മലയും മഞ്ഞും മാത്രമായി.

(തുടരും...)

Saturday, April 3, 2021

ജീവിതത്തിലെ ഏറ്റവും വലിയ യാത്ര, ചിത്രങ്ങളിലൂടെ.

പിങ്ക് സിറ്റി  !


പറന്ന്.. പറന്ന്.. 

ആദ്യ കാഴ്ച്ച !

പ്രൗഢം.. ഗംഭീരം..

അവസാന വെളിച്ചം!

നിറമില്ലായ്മയുടെ നിറം!

 

Monday, August 6, 2018

"അട്ത്തുള്ളൊരാ, മാഷേ ദൂരത്ത്.."

"അട്ത്തുള്ളൊരാ, മാഷേ ദൂരത്ത്"

ഓരോ വായനയിലും ഇത് വരെ കാണാത്ത എന്തെങ്കിലും ഒക്കെ കാണിച്ചു തരുന്ന അത്ഭുതം ആണ് ഖസാക്കിന്റെ ഇതിഹാസം എന്നു തോന്നിയിട്ടുണ്ട്.
പലപ്പോഴും നമ്മൾ ആയിരിക്കുന്ന ആ ഒരു അവസ്ഥ നമ്മൾ ആ താളുകളിൽ ഇങ്ങനെ ഞെട്ടലോടെ കാണും. നമ്മൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇങ്ങനെ എഴുതിയിട്ടിട്ടുണ്ടാവും..സ്വപ്നം എന്ന പോലെ.. നമ്മൾ അത് വായിച്ചിരിക്കും. അങ്ങനെ മനസ്സിൽ പതിഞ്ഞ ഒരു ഭാഗമാണ് താഴെ

" ഇനീം കാണണം രവീ",ഇൻസ്‌പെക്ടർ പറഞ്ഞു.
"കാണാം", രവി പറഞ്ഞു.
" ഞാനീ ആറാം മാസം പിരിയാണ്"
"പിരിഞ്ഞാലും.." രവി എന്തോ ഓർക്കുന്നതുപോലെ തോന്നി,
"അട്ത്തല്ലേ കാണാലോ"
" അട്ത്തുള്ളൊരാ, മാഷേ ദൂരത്ത്"


ഇന്നത്തെ മനുഷ്യ ബന്ധങ്ങളെ ഇതിലും നന്നായി എങ്ങനെയാണ് ഒരാൾക്ക് വർണിക്കാൻ കഴിയുക?

"പ്രകാശം പരക്കട്ടെ"

Wednesday, May 31, 2017

ആരും ചാകാത്ത കത


" സാർ ,സാർ ", സുറുമയിട്ട പെൺകുട്ടി കയ്യുകളുയർത്തികാട്ടി
"പറയൂ ", രവി പറഞ്ഞു
"സാർ , ആരും ചാകാത്ത കത"
രവി ചിരിച്ചുപോയി. അവൾ തുടുത്തു.

                                                                       -ഖസാക്കിന്റെ ഇതിഹാസം



ആരും ചാകാത്ത കഥകൾ എങ്ങും ഇല്ല ..

നേതാക്കൾക്കുവേണ്ടി ഒടുങ്ങിയവരുടെ കഥ..
മൃഗത്തിനുവേണ്ടി പോരാടി കൊന്നവരുടെ കഥ..
മതത്തിന്റെ പേരും പറഞ്ഞു പരസ്പരം യുദ്ധം ചെയ്ത കൊന്നവരുടെ കഥ...

അടുത്ത തലമുറ ഇതെല്ലാം കാണുന്നുണ്ട് ..
അവരാഗ്രഹിക്കുന്നുണ്ട് മരണവും കൊലയും ഒഴിഞ്ഞു നിൽക്കുന്ന, മനസ്സിലും പ്രവർത്തിയിലും നന്മ നിറഞ്ഞവരുടെ കഥ..
കൊന്നുതീർക്കുന്നത് അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടി ആണെന്ന് ഓർക്കുക ..


"പ്രകാശം പരക്കട്ടെ"

Friday, December 30, 2016

കുളിപ്പിച്ച് കുളിപ്പിച്ച് പിള്ളയെ ഇല്ലാതാക്കുമോ ??

"National Anthem is not a digital Song.
National Flag is not a Video..
Cinema is primarily an entertainment.
Cinema hall is a  place to sell entertainment.
Playing the anthem in theater is like selling it for free.
Please don't degrade our National Anthem."


"തകരുകയാണ് തമ്പുരാനെ നിന്റെ ഭരണകൂടം തറഞ്ഞെന്റെ ജീവ്തം "


2016 നവംബർ 30 വിപ്ലവകരമായ പല മാറ്റങ്ങൾക്കും ആക്കം കൂട്ടിയ ദിനമായിരുന്നു. ജസ്റ്റിസ് അമിതാവ റോയി സുപ്രീംകോടതിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നു "സിനിമ തീയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനം വേണമെന്നായിരുന്നു കോടതി നിർദ്ദേശം.
എല്ലാ രാജ്യത്തെയും പോലെ ഇന്ത്യ എന്ന രാജ്യവും അതിലെ പൗരന്മാരും ദേശീയഗാനത്തെ വലിയൊരു വികാരമായി കാണുന്നു എന്നത് തർക്കമില്ലാത്ത വസ്തുത തന്നെ തന്റെ രാജ്യത്തോടുള്ള സ്നേഹവും ആധാരവും പ്രകടിപ്പിക്കാനുള്ള ഒരു സാധാരണ പൗരന്റെ ആഗ്രഹം ദേശീയഗാനാലാപനത്തിൽ പ്രകടമാവാറുണ്ട്.
എന്നാൽ ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്ത് ദേശീയഗാനവും ദേശസ്നേഹവും നിർബന്ധപൂർവം അടിച്ചേൽപ്പിച്ചാൽ മാത്രമേ രക്തത്തിൽ അലിഞ്ഞു ചേരൂ എന്ന് വരുത്തിതീർക്കുവാൻ ആരൊക്കെയോ ഗൂഢ ശ്രമം നടത്തുന്നു എന്ന് പറയാതെ വയ്യ.
സുപ്രീംകോടതിയുടെ വിധി ഏതൊരു സാധാരണകാരനെയും പോലെ തികഞ്ഞ ലാഘവത്തോടു കൂടിയാണ് ഞാനും കണ്ടത്. എന്നാൽ അതിന്റെ ആയുസ്സ് തിരുവനന്തപുരത്തു സമാപിച്ച രാജ്യാന്തര ചലച്ചിത്ര മേള വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ലോക സിനിമാ ഭൂപടത്തിൽ എന്നും തലയിടുപ്പോടെ ഉയർന്നുനിന്നിട്ടുള്ള മേള പക്ഷെ ഇപ്രാവശ്യം തികച്ചും അനാവശ്യമായ വിവാദത്തിന്റെ പേരിലാണ് ലോകമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.. വിവാദം വരുത്തി വെച്ചത് ദേശീയഗാനവും!!
‌ഒരുവശത്തു ദേശീയഗാനത്തെ പരിപോഷിപ്പിച്ചു പരിപോഷിച്ചു ഇല്ലാതാകാൻ വെമ്പൽ കൊള്ളുന്ന "സൊ കോൾഡ്" ദേശീയവാദികളും ദേശസ്നേഹികളും. മറുവശത്താണെങ്കിൽ പ്രതിഷേധ സ്വരവുമായി  ഒരു പിടി "രാജ്യദ്രോഹികളും "!!
‌ആരാണ് ഇവിടുത്തെ ദേശസ്നേഹത്തിന്റെ ഡീലർമാർ ??
‌ശ്രീ രവീന്ദ്രനാഥ് ടാഗോർ എഴുതിയ ജന ഗണ മന ആദ്യമായി ആലപ്പിക്കപ്പെട്ടത് 1911 ഡിസംബർ 27ന് കൊൽക്കട്ടയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളത്തിലായിരുന്നു. ഇന്ത്യൻ ഭരണഘടന 1950 ജനുവരി 24ന് ഇത് ദേശീയഗാനമായി അംഗീകരിച്ചു. 52 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ മനോഹരകാവ്യത്തിന്റെ പേരിലാണ് ഇന്ന് നമ്മുടെ കൊച്ചുകേരളത്തിൽ പ്രതിഷേധങ്ങളും അറസ്റ്റുകളും കൊണ്ട് സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നത്.
‌മുൻപ് പരാമർശിച്ചത് പോലെ സിനിമാപ്രദര്ശനത്തിനുമുമ്പ് ദേശീയഗാനാലാപനം എന്ന ആശയം ചർച്ചചെയ്യപ്പെട്ടിരുന്നവെങ്കിലും ആ വിവാദം കൊടുമ്പിരികൊണ്ടത് രാജ്യാന്തര ചലച്ചിത്ര മേളയുടെ അവസരത്തിലായിരുന്നു.. ഈ വിധിയുടെ മാറ പിടിച്ചു ഹിന്ദുത്വ സംഘടനകൾ അവർ നിർവചിച്ച ദേശീയത അടിച്ചേൽപ്പിക്കുന്ന സാംസ്കാരിക ഗുണ്ടാസംഘമായാണ് പെരുമാറുന്നത്.
‌ഒരിക്കലും ദേശീയവികാരമോ ദേശസ്നേഹമോ നിർബന്ധിച്ചു ഉണ്ടാക്കേണ്ട ഒന്നല്ല. അതിനെ ബലം പ്രയോഗിച്ചു അടിച്ചേൽപ്പിക്കുന്നവർ സേച്ഛധിപത്യ ന്യൂനപക്ഷത്തിന്റെ പ്രതിനിധികളാണ്. ദേശീയഗാനത്തെ ബ്രിട്ടീഷ് രാജാവിനുള്ള സ്വീകരണഗാനം മാത്രമായി പുച്ഛിച്ചു തള്ളിയ പ്രമുഖനേതാവിന്റെ അനുയായികളാണ് ഇന്ന് ദേശീയഗാനം കൊണ്ട് രാജ്യസ്നേഹം പഠിപ്പിക്കാൻ നടക്കുന്നത് എന്നാലോചിക്കുമ്പോ മനസിലാക്കാവുന്നതേയൊള്ളു അവരുടെ മാനസിക നിലവാരം.
‌ചലച്ചിത്രമേളക്കിടെ എഴുന്നേറ്റുനിൽകാത്തതിനെച്ചൊല്ലി ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമലിന്റെ വീടിനുമുന്നിൽ ഈ പറഞ്ഞ ദേശീയവാദികൾ "കുത്തിയിരുന്ന് " ദേശീയഗാനം പാടി പ്രതിഷേധിച്ചപ്പോൾ സാക്ഷരതകേരളം അവരുടെ മൂഢത  തിരിച്ചറിഞ്ഞു.
‌കമൽ എന്ന് കേരളം മുഴുവൻ ആദരവോടും സ്നേഹത്തോടും വിളിച്ചിരുന്ന ഒരു വലിയ കലാകാരനെ തങ്ങളുടെ സ്വാര്ഥതാല്പര്യങ്ങൾക്കു വേണ്ടി അവർ കമാലുദീൻ  ആക്കിയപ്പോൾ വർഗീയ വിഷം ചീറ്റുന്ന വികൃതമായ ജനവിഭാഗത്തെ നമ്മൾ തിരിച്ചറിയുകയായിരുന്നു.
‌ദേശീയഗാനത്തോട് ചില അതിദേശീയവാദികൾ ഉയർത്തുന്ന തരത്തിലുള്ള വലിയ ആദരം കൊടുക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് മനസിലാകുന്നില്ല. ദേശീയഗാനത്തെ പറ്റി പരാമർശിക്കുന്ന ആർട്ടിക്കിൾ 51ൽ പറയുന്നത് ഇപ്രകാരമാണ്
‌"ഭരണഘടനയെ അനുസരിക്കുക എന്നത് എല്ലാ ഇന്ത്യൻ പൗരന്മാരുടെയും കടമയാണ്. ദേശീയഗാനത്തിന്റെയും ദേശീയപതാകയുടെയും ആദർശത്തെ  എല്ലാവരും മാനിക്കുകയും വേണം. " നിയമപരമായ ബലാത്കാരത്തിലൂടെ പിടിച്ചെടുക്കേണ്ട ഒന്നല്ല സ്വന്തം രാജ്യത്തോടും പ്രതീകങ്ങളോടുമുള്ള ബഹുമാനം എന്ന് ഇതിൽനിന്നും വ്യക്തമാണല്ലോ. 1986ൽ യഹോവ സാക്ഷി വിഭാഗത്തിൽപെട്ട മൂന്നു കുട്ടികൾ മതവിശ്വാസത്തെ ഹനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ദേശീയഗാനം പാടാൻ വിസ്സമ്മതിച്ചതുകൊണ്ട് അവരെ സ്കൂളിൽ നിന്നു പുറത്താകുകയുണ്ടായി. ഹൈക്കോടതി ഈ തീരുമാനം ശരിവെച്ചെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിന്യായം ശ്രദ്ധേയമാണ്.
‌"നമ്മുടെ പാരമ്പര്യം പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്. നമ്മുടെ തത്വചിന്ത പ്രബോധനം ചെയ്യുന്നത് സഹിഷ്ണുതയാണ്. നമ്മുടെ ഭരണഘടന ആചരിക്കുന്നത് സഹിഷ്ണുതയാണ്. നമ്മുക്കതിൽ വെള്ളം ചേർക്കാതിരിക്കാം. "
‌അസഹിഷ്ണുതയുള്ളവർ പാകിസ്ഥാനിൽ പോവാൻ പറയുന്ന ഈ സമൂഹത്തിൽ സുപ്രീംകോടതിയുടെ വിധിന്യായത്തിനു പ്രധാനമന്ത്രിയുടെ മാസ്റ്റർ സ്ട്രോക്ക്  ഏറ്റുകിടക്കുന്ന ആയിരത്തിന്റെ ഒറ്റനോട്ടിന്റെ വിലയേ ഫാസിസ്റ്റു ശക്തികൾ നൽകൂ എന്നത് വ്യക്തമാണ്.
‌
‌ദേശീയഗാനത്തെ ആയുധമാക്കി രാജ്യദ്രോഹ - രാജ്യസ്നേഹ വർഗീയ ധ്രുവീകരണം ഉണ്ടാക്കി ഇന്ത്യൻ സംസ്കാരത്തെയും കാലാകാലങ്ങളായി നാം സംരക്ഷിച്ചുപോരുന്ന മൂല്യങ്ങളെയും തകിടംമറിക്കുകയാണ്. സ്ഥാനത്തും അസ്ഥാനത്തും ദേശീയഗാനം ഉപയോഗിക്കുന്നത് തികച്ചും അപഹാസ്യവും അതിനെ ചുറ്റിപറ്റിനിൽക്കുന്ന സർവ്വ മൂല്യങ്ങളെയും കീഴ്മേൽ മറിക്കുന്നതുമാണ്. ദേശസ്നേഹം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റു ശക്തികൾക്കെതിരെ പ്രതിഷേധിക്കുക ഒരോ പൗരന്റെയും ധാർമിക കർത്തവ്യമാണെന്നിരിക്കെ, ഈ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി സുപ്രീംകോടതിയെ തന്നെ  സമീപിക്കുകയെ മാർഗമുള്ളു. ഈ തീരുമാനത്തിന്റെ ഔചിത്യക്കുറവ് ചൂണ്ടിക്കാണിക്കാനും പിഴവ് നിയമപരമായി തിരുത്തുവാനും പ്രബുദ്ധരായ ഒരോ പൗരനും കടമയുണ്ട്. ദേശീയഗാനം പാടാണോ, പാടുമ്പോൾ ആദരം പ്രകടിപ്പിക്കാനോ എന്നതിനെപ്പറ്റി ആരോഗ്യപരമായ ചർച്ചകൾ  തുടരട്ടെ.
‌"കുളിപ്പിച്ച് കുളിപ്പിച്ച് പിള്ളയെ ഇല്ലാതാക്കല്ലേ "എന്ന് മാത്രം!!


Thursday, December 15, 2016

അനന്തപുരിയിലെ വിപ്ലവം..

അങ്ങനെ നാലു ദിവസം നീണ്ടുനിന്ന ആ പ്രയാണം (ഭ്രാന്ത് ) അവസാനിക്കുകയാണ്.
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം മനസ്സിലുണ്ട്. IFFK എന്ന വലിയ സ്വപ്നസാക്ഷാത്‍കാരം മനസ്സിനെ എന്തൊക്കെയോ വികാരങ്ങളാൽ പുളകം കൊളിക്കുന്നുണ്ട്.
വിപ്ലവം.. സിനിമ.. സിനിമയിലൂടെ വിപ്ലവം..സംസ്കാരങ്ങൾ.. എതിർപ്പുകൾ.. ചർച്ചകൾ.. കണ്ടുമുട്ടലുകൾ.. അതെ.. വെറും 4 ദിവസം കൊണ്ട് അനുഭവങ്ങളുടെ കെട്ടുകൾ എനിക്ക് മുന്നിൽ അഴിച്ചുവച്ചിരിക്കുകയാണ് IFFK..
ഒരുപക്ഷെ നല്ല സിനിമ കാണണം എന്ന ഒരു ആഗ്രഹം.. അതിനപ്പുറം മറ്റൊന്നും ഉണ്ടായിരുന്നില്ല.. എന്റെ കണക്കുകൂട്ടലുകൾ വീണ്ടും വീണ്ടും തിരുത്തപ്പെടുകയാണ്.
സിനിമാക്കപ്പുറം അനുഭവങ്ങളുടെ വലിയൊരു CANVAS ആയിരുന്നു IFFK. ടാഗോർ തിയേറ്ററിൽ തുടങ്ങിയ അനുഭവങ്ങളുടെ വലിയ ലോകം കൈരളിയും ശ്രീയും നിശാഗന്ധിയും കടന്നു എന്റെ ജീവിത കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ളതാണെന്നു കരുതിയിരുന്നില്ല ഒരിക്കലും.
ജാതി.. മതം.. രാഷ്ട്രീയം എന്നിങ്ങനെ ഒരു മനുഷ്യനെ ബാധിക്കുന്ന എല്ലാത്തിനേം ഈ ദിവസങ്ങളിൽ ഞാൻ കണ്ടുമുട്ടി..
MANHOLE.. കാട് പൂക്കുന്ന നേരം.. ആറടി.. ഗോഡ്‌സെയ് എന്നിവയിലൂടെ എല്ലാം അടിച്ചമർത്തപ്പെട്ട പ്രതികരണശേഷി നഷ്ടപെട്ട സമൂഹങ്ങളെ ഞാൻ കണ്ടു..
ആത്മവിശ്വാസത്തിന്റെ ചെറിയ തീപ്പൊരി എത്ര വലിയ വിപ്ലവം സൃഷ്ടിക്കാം എന്ന് മനസ്സിലാക്കി..
മനുഷ്യനെ മനുഷ്യനായി കാണാതെ അതികാരവർഗത്തിന്റെയും UPPER CLASS ന്റെയും ചട്ടക്കൂടിൽ നിന്ന് കൊണ്ട് അവരെ മാവോയിസ്റ്റുകളായും നക്സലുകളായും നോക്കിക്കാണുന്ന അരാജക സമൂഹങ്ങളെ ഞാൻ കണ്ടു, അറിഞ്ഞു. അടിയേറ്റുവീഴാതെ കൂടുതൽ ഉയർന്നു പറക്കാൻ എനിക്ക് പോലും അവ പ്രചോദനമായെങ്കിൽ കാലാകാലങ്ങളായി മേലാളന്മാരുടെ അക്രമങ്ങൾ സഹിക്കുന്ന അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളു..
സിനിമയിലെ വിപ്ലവം ആസ്വാദകരിലേക്കു ഒഴുകിയെത്തുന്ന മഹാപ്രതിഭാസത്തിനു ഞാൻ സാക്ഷിയായി..
സിനിമയുടെ അണിയറപ്രവർത്തകർക്ക് ലഭിച്ച ഹർഷാരവങ്ങൾ ആത്മാർത്ഥമാണെങ്കിൽ ഇവിടെ ഇനിയും വിപ്ലവങ്ങളുണ്ടാവും.. തീർച്ച !!

ലോകസിനിമയിലേക്കുള്ള എന്റെ ജാലകമായിരുന്നു IFFK. ഇന്ത്യൻ സിനിമാക്കപ്പുറം ഹോളിവുഡ് മാത്രമാണെന്ന് വിശ്വസിച്ച എനിക്ക് തെറ്റി.
സിനിമ എന്ന കലാരൂപത്തിന്റെ അർത്ഥം  എന്നെ സംബന്ധിച്ചു മറ്റു പലതുമായിരുന്നു ഇവിടെ വരുന്നത് വരെ.  ശബ്ദഘോഷങ്ങളും വർണശബളമായ കാഴ്ചകളും ത്രസിപ്പിക്കുന്ന സംഗീതവുമാണ് സിനിമയുടെ ജീവൻ എന്ന വിശ്വാസം തെറ്റാണെന്നു ഞാൻ തിരിച്ചറിഞ്ഞു.
ഒരൊറ്റ ഫ്രെയിം.. നിശബ്ദതയുടെ വലിയ ശബ്ദം.. മനസ്സിൽ തുളച്ചുകയറുന്ന ഒരു  നോട്ടം.. സിനിമ അതാണ്..
Wang Xuebo ഉടെ Knife in Clear Water കണ്ടു കഴിഞ്ഞപ്പോൾ ആ ചിത്രത്തിലെ ഒരോ ഫ്രെയിമും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. സിനിമ എന്താണെന്ന് ഞാൻ അറിഞ്ഞത് അവിടെ വച്ചായിരുന്നു..
Clash എന്ന ഈജിപ്ഷ്യൻ ചിത്രവും.. Sand Storm എന്ന ഇസ്രായേലി ചിത്രവും സംസ്കാരങ്ങളും അനുഭവങ്ങളും നിറഞ്ഞ പുതിയ ഒരു ലോകത്തിലേക്കു എന്നെ കൂട്ടികൊണ്ടുപോയി..

വെറും 4 ദിവസം കൊണ്ട്..
ഞാൻ ലോകം കണ്ടു..
സംസ്കാരങ്ങളെ അനുഭവിച്ചറിഞ്ഞു..
അടിച്ചമർത്തപ്പെട്ടവരുടെ നിസ്സഹായതക്കുമുന്നിൽ വിറങ്ങലിച്ചു നിന്നു..
വിപ്ലവം കണ്ടു..
വിപ്ലവത്തിന്റെ ഭാഗമായി..
ഇതിൽ കൂടുതൽ ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല !!

ശുഭം.

അടിക്കുറിപ്പ് :
"ടാഗോർ " തിയേറ്ററിൽ ദേശീയഗാനം ഉയരുന്നു..
സീറ്റിൽ നിന്നും എണീക്കാൻ തോന്നിയില്ല !!
രാജ്യസ്നേഹികൾ പുറകിൽ നിന്നും പിറുപിറുക്കുന്നു..
പുറത്തു പ്രതിഷേധം..
രവീന്ദ്രനാഥ്‌ "ടാഗോർ " കാണുന്നുണ്ടോ ആവോ !!

ആഹ്.. ദി IRONY..

- പ്രകാശം പരക്കട്ടെ.. 

Thursday, June 2, 2016

മീശപുലി വിപ്ലവം!! ഒന്നാം ഭാഗം!



                        "മീശപുലി വിപ്ലവം!!!"


വിപ്ലവകരമായ പല തീരുമാനങ്ങളും എടുക്കുന്നത് പെട്ടന്നായിരിക്കുമെന്നു ആരോ എവിടെയോ കുറിച്ചത് ഇപ്പൊ ഓർത്തു പോവുകയാണ്.
അത്തരമൊരു വിപ്ലവകരമായ തീരുമാനമായിരുന്നു മീശപുലിമല  പോവുക എന്നത്.
ഇതിൽ എവിടാണ്ടോ വിപ്ലവം എന്ന് ചോദിക്കാൻ വരുന്നവരോട്..
ചോര ചിന്തിയില്ലെന്ന വ്യത്യാസമേ ഒള്ളു!!
വിപ്ലവകരമായ പല മാറ്റങ്ങളും തുടർന്നുണ്ടായി.

കോളേജിൽ ആർട്സ് നടക്കുന്ന സമയം.
സ്വതവേ കോളേജിൽ എന്ത് പരിപാടി നടന്നാലും സ്കൂട്ടാവുന്ന കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. എന്തായാലും മുങ്ങുവാ അപ്പൊ എന്തെങ്കിലും കാര്യത്തിനു മുങ്ങാമെന്നു കരുതി!!
ഒരുപാട് ചർച്ചകൾ നടന്നു..
എന്റെ സ്വപ്നമായ രാമേശ്വരം പോവാമെന്നു ആലോചിച്ചു..
പാമ്പൻ പാലത്തിനു കുറുകെയുള്ളയാത്ര..
മനസ്സിലെ ചെറിയ വലിയ ആഗ്രഹങ്ങളിൽ ഒന്ന് മാത്രം..
ട്രെയിൻ ടിക്കറ്റ്‌ ബൂകിംഗ് എല്ലാം തീര്ന്നത് കൊണ്ടും കൂടെ ഉള്ളവന്മാർക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടും രാമേശ്വരം എന്നാ എന്റെ സ്വപ്നത്തിനു മുന്നിൽ വലിയൊരു NO വന്നു വീണു..
പിന്നെ എന്താണ് option എന്നായി ചർച്ച !!
ചർച്ചക്ക് ഞങ്ങ ഒരു മൂന്നുപേർ. ധാരാവി എന്ന് ഞങ്ങൾ അഭിമാനത്തോടെ വിളിക്കുന്ന എന്റെ ഹോസ്റ്റലിലെ ഞാനും, അഭിഷേകും, ഗോകുലും.
എന്നത്തേയും പോലെ യാത്ര സ്വപ്നം മാത്രമാവും എന്നുള്ള തോന്നൽ ശക്തമായി വന്നു. അങ്ങനെ ആർട്സ് ഡേ വന്നു. ഉച്ച വരെ ക്ലാസ്സ്‌.. സൽസ്വഭാവി ആയ ഞാൻ പോയില്ല.
ഉച്ചക്ക് ഓടി കിതച്ചു വന്ന അഭിഷേകിനെ കണ്ടു ഞാൻ പേടിച്ചു. "നമ്മുക്ക് ഏത് നരകത്തിലേക്ക് എങ്കിലും പോവാം" വാക്കുകൾ ദൃടമായിരുന്നു.. അണഞ്ഞു പോയ തീയിൽ എരിയുന്ന ചെറിയ കനലുകൾ ഞാൻ കണ്ടു !!
ചാർളി സിനിമ ഇറങ്ങിയ സമയമായിരുന്നു..
സിനിമയിലെ ഭ്രാന്തമായ പല കാര്യങ്ങളും കയറി കൂടിയ മനസ്സിൽ തെളിഞ്ഞു നിന്ന ചില കാര്യങ്ങൾ ആലോചനയുടെ തിരശീലക്കു മുന്നിലേക്ക് പതിയേ രംഗപ്രവേശനം ചെയ്യുകയായിരുന്നു.. പെട്ടന്നാണ് എവിടെ നിന്നോ ആ ശബ്ദം ഉയർന്നു കേട്ടത്.. "മീശപുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ ??"
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞ മതിയല്ലോ !!
പലപ്പോഴായി പോകണം എന്നാഗ്രഹിചിരുന്നത് കൊണ്ട് കുറചൊകെ ഇതേ പറ്റി അന്വേഷിച്ചിരുന്നു !!
കിട്ടിയാൽ കിട്ടി എന്നും പറഞ്ഞ് മുന്നാർ ടൂറിസം സൈറ്റ് എടുത്ത് നോക്കി. ദൈവം ഉണ്ടെന്നൊക്കെ പറയ്യുന്നത് ഇതാണ് !
അടുത്ത ദിവസത്തേക്കുള്ള ബൂകിംഗ് കഴിഞ്ഞട്ടില്ല. ഈരണ്ടു പേരുടെ ടെന്റ് ആണു താമസത്തിന് ഒരുക്കുക എന്ന് അറിഞ്ഞപ്പോ നാലാമനായി അന്വേഷണം തുടങ്ങി. ഏത് പാതിരാത്രി വിളിച്ചാലും ഇറങ്ങി വരുന്ന ലാലുവിനെ തന്നെ ആദ്യം വിളിച്ചു. മച്ചാൻ എപ്പഴേ റെഡി..
അങ്ങനെ നാലുപേരായി പോകാൻ തീരുമാനിച്ചു.
"ശേടടാ!! ഇതെങ്ങനെ സ്ഥലത്ത് എത്തും !!"
ഇടുതീ പോലെയാണ് ആ ചോദ്യം വന്നു വീണത്. വിളിച്ച അന്വേഷിച്ചപ്പോ മൂന്നാറിൽ നിന്ന് ഏകദേശം 30 km ഉണ്ട്. ബസ്‌ ഓക്കേ വന്നാ വന്നു എന്ന അവസ്ഥ ആണു.. എങ്ങനേലും രണ്ടു പേരെ കൂടി ഒപ്പിച്ചാൽ ഒരു വണ്ടി വിളിച്ചു പോവാം എന്ന തീരുമാനത്തിൽ അവസാനം എത്തിപെട്ടു..
രണ്ടു പേര്കുള്ള അന്വേഷണം MH ഇൽ എത്തി. Vaisakhan, Geo, Sachin, Jacob, സാധാരണ ട്രിപ്പ്‌ ഒകെ പോവുമ്പോ കട്ടക്ക് നില്ക്കുന്നവാരന്നു ഇവരോകെ.
സച്ചിനും ജേക്കബിനും ആർട്സ് ന്റെ പണി കാണുമെന്നു കണക്കുകൂട്ടി. അപ്പൊ ജിയോനേം വൈശാഖനെയും കൊണ്ടങ്ങു തെരിക്കാമെന്നു തീരുമാനിച്ചു. മഹാമാരി കാണാൻ വൈകിയെന്നു സമ്മതികാതെ വയ്യ !!
മച്ചാന്മാരോട് ചോദിച്ചപ്പോ അവരും റെഡി. "ആഹ എല്ലാം നൈസ് ആയിട്ട് മുന്നോട്ട് പോവുന്നു. "
സച്ചിനോടും ജേക്കബിനോടും രാത്രി പറയാമെന്നും മനസ്സിൽ കുറിച്ച്. അങ്ങനെ അഭിഷേക്, ജിയോ, വൈശാഖൻ, ഗോകുൽ, ലാലു പിന്നെ ഞാനും കൂടെ രാവിലെ പുറപെടാമെന്നു തീരുമാനിച്ചു. ജിമ്മൻ എന്ന് ഞങ്ങൾ സ്നേഹത്തോടും പേടിയോടും വിളിക്കുന്ന ചേട്ടന്റെ സ്ഥിരമായി വിളിക്കുന്ന scorpio ഉം സെറ്റ് ആക്കി.. അങ്ങനെ സർവ്വം മംഗളമായി ഭവികുമെന്ന അവസ്ഥയിലായി.
ഞാനൊന്ന് മൊബൈൽ ചാർജ് ചെയ്യാൻ വച്ചതെ ഓർമയുള്ളൂ..
6 MISSED CALLS FROM GEO !!
എവിടെനിന്നോ പിന്നെയും ഒരു ശബ്ദം.. ഈ പ്രാവശ്യം ചാർളി ആയിരുന്നില്ല..
"അവനവൻ കുരുക്കുന്ന കുരുക്കഴിചെടുക്കുമ്പോ ഗുലുമാൽ.. ഗുലുമാൽ... "
പണി ഒന്നും കിടിയിലല്ലോ എന്ന് വിചാരിച്ചപ്പഴേക്കും ഐറ്റം എത്തി...
"ഹലോ.. Geo ബ്രൊ എന്താണ് ??"
"അളിയാ.. സീൻ ആയി.. "

അതെ.. ആ വിപ്ലവം തുടങ്ങിയത് അങ്ങനെയാണ്!!!
"മീശപുലി വിപ്ലവം" "!
                                                                (തുടരും )

-പ്രകാശം പരക്കട്ടെ... 

Sunday, April 10, 2016

കൊല്ലം കരയുന്നു.. കേരളവും!!

" RSS രക്തം ദാനം ചെയ്തു!!
സഖാക്കൾ പരിക്ക് പറ്റിയവരെ സഹായിക്കുന്നു.
കോൺഗ്രസ്‌ നേതാകൾ ആശുപത്രികൾ സന്ദർശിക്കുന്നു. "
ഈ മനുഷ്യരൊക്കെ  എവടെ പോയി??
മനസാക്ഷി ഇല്ലാത്തവർ!!
നന്ദി ഇല്ലാത്തവർ!!
പുച്ഛം!!
-"കൊല്ലം കരയുന്നു.. കേരളവും"

പ്രകാശം പരക്കട്ടെ.. 

Monday, March 7, 2016

കളഞ്ഞുപോയ കുറിപ്പുകൾ!!

"മുന്നോട്ട് പോകുവാൻ വെമ്പുന്ന നിങ്ങൾക്ക്, പരാജയപെട്ടുപോയ കഴിഞ്ഞകാലങ്ങളുടെ പ്രതിനിധികളായ ഞങ്ങൾ മംഗളം ആശംസിക്കുന്നു.
വിജയം എന്നും നിങ്ങളുടെ കണ്ട്ടങ്ങളിൽ വരണമാല്യം അണിയിക്കട്ടെ. ധീരമോഹനങ്ങളായ ഒരു നവ്യ പ്രപന്ച്ചങ്ങളിലെകുള്ള അരുന്നോടയത്തിലൂടെ ആവട്ടെ നിങ്ങളുടെ ജൈത്ര യാത്ര.
എല്ലാം നിങ്ങളിൽ സമർപ്പിചിരികുകയാണ്. പുരോഗതിയും വികാസവും.
നിങ്ങള്ക് ഉള്ളതാണ് അഖിലവും.
നിങ്ങൾ തന്നെയാണ് അഖിലവും.
പോകുക പോകുക!!
ഉജ്ജ്വലഗംഭീരങ്ങളായ സംക്രമ ഗീതങ്ങളാൽ പ്രപഞ്ചത്തെ ഞെട്ടിച്ചു ഉണര്തികൊണ്ട്, അവസാനിക്കാത്ത ധീരപ്രവർത്തികൾകൊണ്ട് ലോകത്തെ പുതുക്കികൊണ്ട്, ആശയും ആവേശവും നിറഞ്ഞ യുവത്വമേ പോകുക!
മുന്നോട്ട്!! "

കളഞ്ഞുപോയ കുറിപ്പുകൾ!!
ഒന്നാം ഭാഗം

Monday, June 8, 2015

മഴപെയുമ്പോൾ....

രാത്രി ദൂരദർശൻ കാണാൻ ഇരിക്കുമ്പോ ആയിരിക്കും കാറ്റടിച്ചു കറന്റ്‌ പോവുന്നത്..
പിന്നെ "നശിച്ച" മഴയെ പഴിക്കലാണ്..
ആകെ ഉള്ള ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ടി.വി കര്ക്കിടകത്തിന്റെ ഇടിയിലും മിന്നലിലും പണിമുടക്കും,ചിങ്ങത്തിലെ പിന്നെ കാണാൻ കിട്ടു..
ഇങ്ങനെയൊക്കെ ആണെങ്കിലും മഴയെ ഒരുപാട് സ്നേഹമായിരുന്നു..
സ്കൂളിൽ പോവുമ്പോ മഴ ഉണ്ടെങ്കിൽ  മനസ്സ് നിറഞ്ഞു..
മഴയത്തെ മണ്ണിന്റെ മണം ഇന്നത്തെ axe ഇനെ കടത്തിവെട്ടിയിരുന്നു..

കാലം ഒരുപാട് മുന്നോട്ട് പോയി...
കാലം എത്ര മാറിയാലും..
കാലം തെറ്റി പെയ്താലും..
മഴയുടെ ഗന്ധം ഒന്ന് തന്നെ ആണ്..
മഴയുടെ സ്വരം കാതുകൾക്ക് ഇമ്പവും...

"മഴയുടെ മലയാളം തിരിച്ചറിഞ്ഞ കാലം....
കര്ക്കിടകം കരഞ്ഞപ്പോൾ തേൻവരിക്കയുടെ നനഞ്ഞ മധുരം നുനഞ്ഞപ്പോൾ തൂവാനയിൽ തുമ്പികൾ പറന്നപ്പോൾ എല്ലാം മഴയുടെ മണം പിടിച് നടന്നതായിരുന്നു...
 ജനാലകളെ ഇറുക്കിയടച്ച തുലാക്കാറ്റിൽ നിന്ന്,
ഇരമ്പിയെത്തുന്ന ഇടിമുഴക്കങ്ങളിൽ നിന്ന് കേട്ട വ്യഞ്ജനങ്ങൾ.
തിരമുറിഞ്ഞു പെയ്ത തിരുവാതിര ഞാറ്റുവേലയിൽ നിന്ന് പാടിയപ്പോൾ പഠിച്ച മഴയുടെ സ്വരാക്ഷരങ്ങൾ.
മഴ പിന്നണിയിൽ നിന്ന് പാടിയപ്പോൾ ഇലതാളങ്ങൾ കലമ്പിയത് ഈ നെഞ്ചിലായിരുന്നു.
മഴയൊഴിഞ്ഞിട്ടും മരം പെയ്യുന്നതെ പഴമക്കാർ കണ്ടോള്ളൂ...മനം പെയ്യുന്നുണ്ടായിരുന്നു...
മഴയെത്തോൽപ്പിക്കാൻ ഒരു കുടയും ചൂടിയിട്ടില്ല...
മഴയെപ്പിണക്കാൻ ഒരു വാതിലുമടച്ചിട്ടില്ല...
മഴയുടെ അഴിഞ്ഞ പാദസരങ്ങൾ നെറുകയിൽ തട്ടുമ്പോൾ തോറ്റു കൊടുതിട്ടെയുളളൂ..
മഴ എന്റെ ഭ്രാന്തിനെ ചികിത്സിച്ചു...
മഴയെന്റെ ആകാശങ്ങളെ കണ്ണ്ഴുതിച്ചു ..."
"പ്രകാശം പരക്കട്ടെ"

Wednesday, May 6, 2015

"ചിരിക്കാൻ പഠിച്ച പൌഡർ മുഖങ്ങൽക്ക്
പിരിവു കാശെണ്ണി നൽകുന്നവർ
ശീലയെയൂട്ടാനായി മത്സരിക്കുനവർ
ഭാണ്ടാരപെട്ടി നിറയ്ക്കാനായി വെമ്ബിടുന്നവർ
ഇവർ,
കാണുന്നതെന്തെ,ചിരിക്കാൻ മറന്നൊരാ കണ്ണീര്മുഖങ്ങളെ?
കേള്കാതതെന്തേ,ചായം പുരളാത്ത
ചുണ്ടിൽ നിന്നുയരും വിശപ്പിൻ വിളികളെ?"

-പ്രകാശം പരക്കട്ടെ

Friday, May 1, 2015

"ചിലപ്പോൾ തോന്നും ഈ ലോകം തന്നെ ദൈവം മറന്നു വെച്ചതാണെന്നു.. അതിൽ നമ്മളെയും...
ഓര്മ വരുന്നതനുസരിച് അവൻ തിരിച്ചെടുക്കുന്നു...
പുഴകളെ...
കാടുകളെ...
അവസാനം..
നമ്മളെയും.."-സച്ചിതാനന്ദൻ
തിരിചെടുകുന്നതിനു മുൻപ് എന്റേതു  മാത്രമായി ഈ ബ്ലോഗ്‌ നിലനില്കട്ടെ എന്ന് മാത്രം ആഗ്രഹിച്ചുകൊണ്ട്‌ ആരംഭിക്കട്ടെ...
"പ്രകാശം പരക്കട്ടെ..."